സിഡ്നി: രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതില്‍ പണി കിട്ടിയത് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിക്ക്. ഇന്ത്യയുടെ സ്ഥാനം പോസിറ്റീവില്‍ നിന്നും സുസ്ഥിരം എന്ന നിലയിലേക്ക് ഉയര്‍ത്തിയതോടെ ടോം മൂഡിയെ മൂഡീസെന്ന് തെറ്റിധരിച്ച് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ മലയാളികള്‍ വ്യാപക സൈബര്‍ ആക്രമണം നടത്തി.
തനിക്ക് പിറന്നാളാംശകള്‍ നേര്‍ന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്ന ടോം മൂഡിയുടെ പോസ്റ്റിനു താഴെയാണ് പൊങ്കാല. അബന്ധം പറ്റിയത് തിരിച്ചറിഞ്ഞ ചിലര്‍ ട്രോളുമായെത്തിയെങ്കിലും സൈബര്‍ പോരാളികള്‍ പോരാട്ടം തുടര്‍ന്നു. മൂഡീസിന്‍റെ അക്കൗണ്ട് ഇതല്ല എന്നോര്‍മ്മിപ്പിച്ച് ചിലര്‍ രംഗത്തെത്തിയിട്ടും പിന്‍വാങ്ങാന്‍ ആരും കൂട്ടാക്കിയില്ല.
100 ശതമാനം സാക്ഷരതയുളള കേരളത്തിലും ഇത്ര പൊട്ടന്‍മാരോ എന്ന് ചോദിച്ചു ഒരാള്‍. ഞങ്ങളുടെ മോദിജിക്കു റേറ്റ് ഇടാന്‍ മാത്രം വളര്‍ന്നോ എന്നായി മറ്റൊരാള്‍. തോല്‍വി അന്തം കമ്മികളെ മലയാളികളുടെ വില കളയാതെ ഇറങ്ങി പോടാ എന്നായി ഒരാളുടെ പരിഹാസം. ഇരട്ട ചങ്കൻ വിജയേട്ടനോടു നിന്‍റെ കളി വേണ്ട മോനെ എന്ന മുന്നറിയിപ്പും നല്‍കി വേറൊരു സൈബര്‍ യുദ്ധവീരന്‍.
നേരത്തെ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുള്‍ക്കറെ അപമാനിച്ചു എന്നാരോപിച്ച് ടെന്നീസ് താരം മരിയ ഷറപ്പോവയുടെ പേസ്ബുക്ക് പേജില്‍ സമാനമായ രീതിയില്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറിയപ്പറ്റിയ ബിജെപി അനുകൂലികളും വിമര്‍ശകരും മലയാളത്തില്‍ കമന്‍റുകള്‍ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. ചരക്ക് സേവന നികുതി നടപ്പാക്കിയത് രാജ്യത്ത് ഉത്പ്പാദനക്ഷമത കൂട്ടുവാന്‍ ഇടയാക്കുമെന്നാണ് മൂഡീസിന്‍റെ വിലയിരുത്തല്‍. റേറ്റിംഗിലെ അവസാന സ്ഥാനമായ ബിഎഎ3യില്‍ നിന്ന് ബിഎഎ 2വിലേക്കാണ് ഇന്ത്യക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഇറ്റലി, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം.
