ജൊഹ്നാസ്ബര്‍ഗ്: ട്വിറ്ററിലൂടെ ട്രോളാന്‍ വന്ന പാക് ആരാധകന് മാസ് മറുപടിയുമായി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍. ടെസ്റ്റ് പരമ്പരയില്‍ ബാബര്‍ അസമിന്റെ തല്ലുകൊണ്ട് തളര്‍ന്നശേഷം ഇപ്പോള്‍ ഒരു ആശ്വാസമുണ്ടല്ലേ എന്നായിരുന്നു ബാബര്‍ അസമിന്റെ ചോദ്യം. എന്നാല്‍ ഇതിന് സ്റ്റെയിന്‍ നല്‍കിയ മറുപടിയാകട്ടെ, ടെസ്റ്റ് പരമ്പരയില്‍ 3-0ന് തോറ്റതാണല്ലേ വലിയ ആശ്വാസമെന്നായിരുന്നു.

എന്നാല്‍ പ്രതികരണം തേടുകമാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് പറഞ്ഞ് പാക് ആരാധകന്‍ സ്റ്റെയിനിനെ തണുപ്പിക്കാന്‍ നോക്കിയെങ്കിലും മറ്റ് പാക് ആരാധകര്‍ പാക് ആരാധകന്റെ ചോദ്യത്തിനെതിരെ മറുപടികളുമായി രംഗത്തെത്തി. ബാബര്‍ അസം രാജ്യാന്തര ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന കളിക്കാരന്‍ മാത്രമാണെന്നും സ്റ്റെയിനാകട്ടെ ഇതിഹാസമാണെന്നും പാക് ആരാധകര്‍ ഓര്‍മിപ്പിച്ചു.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സ്റ്റെയിന്‍ ഷോണ്‍ പൊള്ളോക്കിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായത്. ടെസ്റ്റ് പരമ്പരയില്‍ തോറ്റ പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും 3-2ന് പരമ്പര അടിയറവെച്ചു. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.