ഇംഗ്ലീഷ് സൂപ്പര്‍ താരം ഡാനിയേല വ്യാറ്റിനെ ഇന്ത്യക്കാര്‍ക്ക് മറക്കാനാവില്ല
മുംബൈ: വനിതാ ക്രിക്കറ്റിലെ ഇംഗ്ലീഷ് സൂപ്പര് താരം ഡാനിയേല വ്യാറ്റിനെ ഇന്ത്യക്കാര്ക്ക് മറക്കാനാവില്ല. ഇന്ത്യന് നായകന് വിരാട് കോലിയോട് പരസ്യമായി പ്രണയാഭ്യര്ത്ഥന നടത്തിയ വ്യാറ്റ് ക്രിക്കറ്റ് പിച്ചില് താരമായിരുന്നു. പിന്നീടൊരിക്കല് കോലി സമ്മാനിച്ച ബാറ്റില് അദേഹത്തിന്റെ പേര് തെറ്റായി എഴുതി ഇന്ത്യന് ആരാധകരുടെ ട്രോളുകളും വ്യാറ്റ് ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോള് വിരാട് കോലിക്ക് പോലുമില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വ്യാറ്റ്. ഇന്ത്യയില് നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില് തന്റെ രണ്ടാം ടി20 സെഞ്ചുറി നേടി ഇംഗ്ലീഷ് താരം. ക്രിക്കറ്റിലെ സൂപ്പര്താരമായ ഇന്ത്യന് നായകന് വിരാട് കോലിക്ക് ടി20യില് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല എന്നതാണ് യാഥാര്ത്ഥ്യം.
വ്യാറ്റിന്റെ കരുത്തില് ഇംഗ്ലണ്ട് വനിതകള് ഇന്ത്യന് വനിതകളെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില് 64 പന്തില് 15 ബൗണ്ടറിയും അഞ്ച് സിക്സും സഹിതം 124 റണ്സാണ് വ്യാറ്റ് അടിച്ചെടുത്തത്. സെഞ്ചുറിക്ക് പിന്നാലെ ഡാനിയേല വ്യാറ്റിനെ വീണ്ടും സമൂഹമാധ്യമങ്ങളില് ട്രോളി ആരാധകര് രംഗത്തെത്തി. വ്യാറ്റിനെ അഭിനന്ദിച്ചുകൊണ്ടുള്ള കോലിയുടെ ട്വീറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്.
