ചെന്നൈ: ര‌ഞ്ജി ട്രോഫിയിലെ ഒന്നാം ഗ്രൂപ്പിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് കേരള പരിശീലകന്‍ ഡേവ് വാട്മോര്‍.നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ മൂന്നാം ഗ്രൂപ്പില്‍ നിന്ന് ഉയരാന്‍ കഴിഞ്ഞ സീസണുകളിലൊന്നും കേരളത്തിന് കഴിഞ്ഞിരുന്നില്ല. ഈ പിഴവിന് പരിഹാരം തേടാനുള്ള ശ്രമമാണ് ചെന്നൈയിലെ കേരള ടീമിന്റെ സന്നാഹ ക്യാംപിലുള്ളത്.

മികച്ച പേസര്‍മാരും ഐപിഎല്‍ താരങ്ങളും ചേരുമ്പോള്‍ വരും സീസണില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് പുതിയ പരിശീലകന്‍ ഡേവ് വാട്മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഞ്ജു സാംസണ്‍ മികവ് തുടരുമെന്നാണ് പ്രതീക്ഷ. ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്ക് എന്നീ അതിഥി താരങ്ങളും ചെന്നൈയിലെ സന്നാഹ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.

ജൂനിയര്‍ താരങ്ങള്‍ ഉള്‍പ്പെട്ട സാധ്യതാപട്ടികയില്‍ നിന്ന് കെഎസ്‌സിഎ ട്രോഫിക്കുള്ള കേരള ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.