ഇന്ത്യൻ കോച്ച് വിവാദത്തിൽ വിരാട് കോലിക്ക് പിന്തുണയുമായി വിഖ്യാത  കോച്ച് ഡേവ് വാട്മോര്‍.  പരിശീലകന്‍  ഹെഡ്മാസ്റ്ററെ പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നും രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചാകാന്‍ അനുയോജ്യനെന്നും വാട്മോര്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1996ലെ ലോകകപ്പില്‍ ശ്രീലങ്കയെ ചാംപ്യന്മാരാക്കിയത് അടക്കം ഒട്ടേറെ വിസ്മയനേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയ സൂപ്പര്‍ പരിശീലകന്‍.  തൊട്ടതെല്ലാം പൊന്നാക്കിയ തന്ത്രശാലിയെങ്കിലും  ക്രിക്കറ്റിൽ പരിശീലകനാണ് അവസാന വാക്കെന്ന അഭിപ്രായം ഡേവ് വാട്മോറിന് ഇല്ല.

2008ൽ കോലിയുടെ നേതൃത്വത്തിൽ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് വാട്മോറായിരുന്നു. പരിശീലകന്‍റെ തെരഞ്ഞെടുപ്പില്‍ നായകന്‍ അഭിപ്രായം പറയുന്നതിൽ തെറ്റൊന്നുമില്ല.ഇന്ത്യന്‍ പരിശീലകന്‍ ആകാന്‍ രവി ശാസ്ത്രി അനുയോജ്യനെന്നും വാട്മോര്‍ അഭിപ്രായപ്പെടുന്നു.