തിരുവനന്തപുരം: ഇനിയുളള മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയമാവര്‍ത്തിക്കുമെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തെന്നും മാനേജ്‌മെന്റ് അനുവദിക്കുമെങ്കില്‍ അടുത്ത സീസണിലും പരിശീലകനായി തുടരുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

തിരുവനന്തപുരത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. നിലവില്‍ ടീമിന്റെ ഒത്തിണക്കത്തിലും പ്രകടനത്തിലും പൂര്‍ണ തൃപ്തിയാണ് പരിശീലകന്‍ രേഖപ്പെടുത്തുന്നത്. കളിയുടെ ഗതിയനുസരിച്ച് ഗെയിംപ്ലാന്‍ മാറ്റുകയാണ് വിജയതന്ത്രം. സീസണ്‍ തുടങ്ങിയശേഷം പരിശീലകനായപ്പോള്‍, മികച്ച ഫോര്‍മേഷന്‍ രൂപീകരിക്കല്‍ വെല്ലുവിളിയായിരുന്നുവെന്ന് ഡേവിഡ് ജെയിംസ് പറയുന്നു. എന്നും സ്വയംപുതുക്കുകയും പഠിക്കുകയും വേണമെന്ന് അക്കാദമിയിലെ നവാഗതരോട് ഡേവിഡ് ജെയിംസ് ആവശ്യപ്പെട്ടു.