ഒത്തുകളിച്ച് പാക് ക്രിക്കറ്റിനെ അഫ്രിദി നശിപ്പിച്ചെന്ന മിയാന്‍ദാദിന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പണത്തിന് വേണ്ടിയാണ് അഫ്രിദി വിടവാങ്ങള്‍ മല്‍സരം പോലും കളിച്ചതെന്നായിരുന്നു മിയാന്‍ദാദിന്റെ ആരോപണം. ഈ ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അഫ്രിദി വ്യക്തമാക്കയിരുന്നു. തന്നെയുമല്ല, ഈ ലോകത്ത് മിയാന്‍ദാദിന് മറ്റെന്തിനേക്കാളും വലുത് പണമാണെന്നും അഫ്രിദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്രിദിക്ക് ഭീഷണി സന്ദേശവുമായി ദാവൂദ് രംഗത്തെത്തിയത്. മിയാന്‍ദാദിനെതിരെ ഇനി മിണ്ടരുതെന്നും, വായടച്ചില്ലെങ്കില്‍ വിവരമറിയുമെന്നുമായിരുന്നു ദാവൂദ് ഇബ്രാഹിമിന്റെ സന്ദേശം. രണ്ടു ദിവസം മുമ്പാണ് ദാവൂദിന്റെ സന്ദേശം അഫ്രിദിക്ക് ലഭിച്ചതെന്ന് പ്രമുഖ ടിവി ചാനലായ എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്‌തത്. ദാവൂദിന്റെ മകളെ മിയാന്‍ദാദിന്റെ മകനാണ് വിവാഹം ചെയ്‌തിരിക്കുന്നത്. ഈ ബന്ധത്തിന്റെ പുറത്താണ് അഫ്രിദിക്കെതിരെ ദാവൂദ് തിരിഞ്ഞത്. ഏതായാലും പൊതുവേദികളില്‍ മിയാന്‍ദാദിനെതിരെ ആഞ്ഞടിച്ചിരുന്ന അഫ്രിദി, ദാവൂദിന്റെ സന്ദേശത്തിന് ശേഷം വാ തുറന്നിട്ടില്ലെന്നാണ് പാക് മാധ്യമങ്ങളും സമ്മതിക്കുന്നത്.