ഹാമിൽട്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന് തുടർച്ചയായ നാലാം തോൽവി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റിന് 262 റണ്‍സ് നേടി. 45.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കിവീസ് ലക്ഷ്യം മറികടന്നു. ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോമിന്‍റെ അതിവേഗ അർധ സെഞ്ചുറിയാണ് കിവീസിന് ജയമൊരുക്കിയത്. ഗ്രാൻഡ്ഹോം 40 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും ഉൾപ്പടെ 74 റണ്‍സുമായി പുറത്താകാതെ നിന്നു.

മുഹമ്മദ് ഹഫീസ് (81), ഫഖർ സമാൻ (54), സർഫ്രാസ് അഹമ്മദ് (51), ഹാരിസ് സൊഹൈൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് പാക്കിസ്ഥാന് മാന്യമായ സ്കോർ സമ്മാനിച്ചത്. ന്യൂസിലൻഡിന് വേണ്ടിം ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നത് സമ്മർദ്ദമുണ്ടാക്കി. ഓപ്പണർമാരായ കോളിൻ മണ്‍റോ-മാർട്ടിൻ ഗുപ്റ്റിൽ സഖ്യം 88 റണ്‍സ് നേടി. 

മണ്‍റോ 56 റണ്‍സ് നേടി. മണ്‍റോയ്ക്ക് പിന്നാലെ കിവീസിന് തുടർച്ചയായി മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ഇതോടെ 99/4 എന്ന നിലയിൽ തകർന്ന കിവീസിനെ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍-ഹെൻട്രി നിക്കോൾസ് സഖ്യം കരകയറ്റി. 

വില്യംസണ്‍ (32) വീണതിന് ശേഷമെത്തിയ കോളിൻ ഡി ഗ്രാൻഡ്ഹോമാണ് കിവീസിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. അടിച്ചു തകർത്ത ഗ്രാൻഡ്ഹോം പാക്കിസ്ഥാന്‍റെ ജയപ്രതീക്ഷ തല്ലിക്കെടുത്തി. 52 റണ്‍സുമായി ഗ്രാൻഡ്ഹോമിനൊപ്പം നിക്കോൾസും പുറത്താകാതെ നിന്നു.