ഓപ്പണര്‍മാരായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഇറങ്ങുമ്പോള്‍ ആകാശ് ചോപ്രയുടെ ടീമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന് ഇടമില്ല.
വഡോദര: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വഡോദരയില്‍ തുടക്കമാകാനിരിക്കെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമിലെ ബാറ്റിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദ് ടീമില്‍ നിന്നുതന്നെ പുറത്തായ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ ആ സ്ഥാനത്ത് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
ഓപ്പണര്‍മാരായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഇറങ്ങുമ്പോള്‍ ആകാശ് ചോപ്രയുടെ ടീമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന് ഇടമില്ല. മൂന്നാം നമ്പറില്‍ കോലിയും നാലാമനായി ശ്രേയസും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലുമാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവനിലുള്ളത്. മധ്യനിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനിടയില്ലെന്ന് ആകാശ് ചോപ്ര പറയുന്നു.
കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ സ്പിന്നര്‍ക്ക് പകരം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ആവും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഏഴാമനായി രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവുമാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്ത ടീമിലുള്ളത്. മൂന്ന് പേസര്‍മാരെയാണ് ആകാശ് ചോപ്ര ടീമിലെടുത്തത്. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജുമാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവനില്‍ പേസര്‍മാരായി ഇടം നേടിയത്.


