ബെല്‍ജിയത്തിലെ ഏറ്റവും മികച്ച ക്ലബില്‍ ഒന്നായ റോയല്‍ ആന്റ്വേര്‍പ് എഫ്‌സിയുടെ റിസേര്‍വ് ടീമിനെയാണ് ഡി മാറ്റോസ് പരിശീലിപ്പിക്കുക

ബ്രസ്സല്‍സ്: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിച്ച നോര്‍ട്ടന്‍ ഡി മാറ്റോസിന് പുതിയ ജോലി. അടുത്തിടെ പരിശീലക സ്ഥാനം രാജിവച്ച ഡി മാറ്റോസ് ബെല്‍ജിയം ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. ബെല്‍ജിയത്തിലെ ഏറ്റവും മികച്ച ക്ലബില്‍ ഒന്നായ റോയല്‍ ആന്റ്വേര്‍പ് എഫ്‌സിയുടെ റിസേര്‍വ് ടീമിനെയാണ് ഡി മാറ്റോസ് പരിശീലിപ്പിക്കുക.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡി മാറ്റോസ് സ്ഥാനം ഒഴിഞ്ഞിരുന്നത്. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അയച്ച കത്തില്‍ ഡി മാറ്റോസ് പറഞ്ഞിരുന്നു. ഇന്ത്യയുടെ യൂത്ത് ടീമിന്റെ മാത്രമല്ല, ഐ ലീഗില്‍ കളിക്കുന്ന ഇന്ത്യന്‍ ആരോസിന്റേയും പരിശീലകനായിരുന്നു ഡീ മാറ്റോസ്. അണ്ടര്‍ 17, 19 താരങ്ങളെ അണിനിരത്തി കളിച്ച ഇന്ത്യന്‍ ആരോസ് ലീഗില്‍ 15 പോയിന്റ് നേടിയിരുന്നു. 

നേരത്തെ തന്നെ ബെല്‍ജിയം ക്ലബില്‍ നിന്നുള്ള ഓഫര്‍ അംഗീകരിച്ചതുക്കൊണ്ടാണ് ഡി മാറ്റോസ് പരിശീലക സ്ഥാനം രാജിവച്ചതെന്ന് അണിയറയിലെ സംസാരം. എഐഎഫ്എഫിന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് മാറ്റോസ് തന്റെ രാജി കഴിഞ്ഞ ആഴ്ച അറിയിച്ചത്.