ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം കഴിഞ്ഞാല്‍ തോറ്റ ടീമിന്റെ ആരാധകര്‍ ടിവിയും മറ്റും തകര്‍ക്കുന്നത് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ, ഇന്ത്യയോട് ഏകദിന പരമ്പര തോറ്റ ദേഷ്യത്തിന് മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തകര്‍ത്തത് ടിവി മാത്രമല്ല, ലാപ്‌ടോപ്പും കൂടിയാണ്. ഓസ്‌ട്രേലിയയുടെ മുന്‍ താരങ്ങളായ ഡീന്‍ ജോണ്‍സും ബ്രാഡ് ഹോഡ്ജുമാണ് ടിവിയും ലാപ്‌ടോപ്പും തകര്‍ത്ത് ദേഷ്യമടക്കിയത്. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടന്ന ഇന്‍ഡോറിലെ ഒരു കഫേയിലായിരുന്നു സംഭവം. എന്നാല്‍ രസകരമായ സംഗതി അതൊന്നുമല്ല, കടയിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ടീം തോറ്റാല്‍, തകര്‍ക്കാനായി കുറച്ച് ടിവിയും ലാപ്‌ടോപ്പും കടയുടമ സജ്ജീകരിച്ചുവെന്നതാണ്. മല്‍സരശേഷം അവിടെയെത്തിയ ഡീന്‍ ജോണ്‍സും ബ്രാഡ് ഹോഗും തന്നെയാണ് ആദ്യമായി ടിവിയും ലാപ്‌ടോപ്പും തകര്‍ത്തത്. മുപ്പത് മിനിട്ടോളം അവിടെ ചെലവിട്ടശേഷമാണ് ജോണ്‍സും ഹോഗും മടങ്ങിയത്. ഭാഡാസ് എന്ന കഫേ നടത്തുന്നത് അതുല്‍ മലിക്രം എന്നയാളാണ്.