ദില്ലി: ദില്ലിയിൽ നടന്ന പ്രാദേശിക ടി20 ക്രിക്കറ്റ് മൽസരത്തിൽ വെടിക്കെട്ട് പൂരം. മോഹിത് അഹ്ലാവാട്ട് എന്ന പയ്യൻ 300 റൺസാണ് അടിച്ചെടുത്തത്. 72 പന്തിൽ പുറത്താകാതെ 300 റൺസാണ് മോഹിത് അടിച്ചത്. ഇതിൽ 39 സിക്സറുകളും 14 ബൌണ്ടറികളും ഉൾപ്പെടും. ദില്ലിക്കുവേണ്ടി മൂന്നു ഫസ്റ്റ് ക്ലാസ് മൽസരങ്ങൾ കളിച്ചിട്ടുള്ള മോഹിത് അഗ്ലാവാട്ട്, മാവി ഇലവനുവേണ്ടി കളിച്ചപ്പോഴാണ് ബാറ്റുകൊണ്ട് റൺമല തീർത്തത്. ഫ്രണ്ട്സ് പ്രീമിയർ ലീഗിൽ ഫ്രണ്ട്സ് ഇലവനെതിരെയാണ് മോഹിതിന്റെ മാസ്മരിക പ്രകടനം. അഹ്ലാവാട്ടിന്റെ പ്രകടനത്തിന്റെ മികവിൽ മാവി ഇലവൻ 20 ഓവറിൽ രണ്ടിന് 416 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ 300 റൺസും മോഹിതിന്റെ വകയായിരുന്നു. മൽസരം 216 റൺസിന് മാവി ഇലവൻ ജയിച്ചു. നേരത്തെ ദില്ലിക്കുവേണ്ടി മൂന്നു മൽസരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അഞ്ചു റൺസ് മാത്രമാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് നേടാനായിട്ടുള്ളത്. എന്നാൽ ഇന്നത്തെ പ്രകടനത്തോടെ ദില്ലി ടീമിൽ സ്ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മോഹിത്. ആദ്യം രഞ്ജി ട്രോഫിയിലും പിന്നീട് ഇന്ത്യൻ ടീമിലും കളിക്കണമെന്നതാണ് മോഹിത് അഹ്ലാവാട്ടിന്റെ ഏറ്റവും വലിയ ആഗ്രഹം.