ദില്ലി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരാജയ പരമ്പര തുടരുന്നു. ദില്ലി ഡെയര്‍ ഡെവിള്‍സാണ് പഞ്ചാബിനെ എട്ടുവിക്കറ്റിന് തകര്‍ത്തത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും ദില്ലിയുടെ ആദ്യ ജയവുമാണിത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 111/9, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 13.3 ഓവറില്‍ 113/2. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് അമിത് മിശ്രയുടെ ലെഗ് സ്പിന്നിന് മുന്നിലാണ് കറങ്ങി വീണത്. മനന്‍ വോറയൊഴികെ(32) മാറ്റാരും മുന്‍നിരയില്‍ തിളങ്ങാതിരുന്നപ്പോള്‍ പഞ്ചാബ് കൂട്ടത്തകര്‍ച്ചയിലായി.
18 റണ്‍സെടുത്ത പ്രദീപ് സാഹുവും 15 റണ്‍സെടുത്ത മോഹിത് ശര്‍മയും 13 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും നടത്തിയ ചെറിയ ചെറുത്തു നില്‍പ്പുകള്‍ പഞ്ചാബിനെ 100 കടത്താനെ ഉപകരിച്ചുള്ളു. അമിത് മിശ്ര മൂന്നോവറില്‍ 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ സഹീര്‍ ഖാനും ക്രിസ് മോറിസും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 111 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ദില്ലി ശരിക്കും ഡെയര്‍ ഡെവിള്‍സായി.
ശ്രേയസ് അയ്യരെ(3) തുടക്കത്തിലെ പുറത്താക്കി പഞ്ചാബ് ഞെട്ടിച്ചെങ്കിലും ഡീ കോക്കും(42 പന്തില്‍ 59 നോട്ടൗട്ട്) സഞ്ജു സാംസണും(32 പന്തില്‍ 33)ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ദില്ലിയുടെ ജയം അനായാസമാക്കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 91 റണ്‍സ് അടിച്ചെടുത്തു. എട്ടു റണ്‍സുമായി പവന്‍ നേഗി വിജയത്തില്‍ ഡീ കോക്കിന് കൂട്ടായി. നാലു വിക്കറ്റുമായി പഞ്ചാബിനെ തകര്‍ത്ത അമിത് മിശ്രയാണ് കളിയിലെ കേമന്‍.
