ഈ ജയത്തോടെ 10 കളികളില്‍ 12 പോയിന്റുള്ള ഡെയര്‍ഡെവിള്‍സ് മൂന്നാം സ്ഥാനത്താണ്. അതേസമയം ഡെയര്‍ഡെവിള്‍സിനോട് തോറ്റെങ്കിലും 11 കളികളില്‍ 14 പോയിന്റുള്ള സണ്‍റൈസേ‌ഴ്‌സ് ലീഗില്‍ ഒന്നാമതാണ്. സണ്‍റൈസേ‌ഴ്‌സ് പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. അച്ചടക്കത്തോടെ പന്തെറിഞ്ഞ്, സണ്‍റൈസേഴ്സിനെ പ്രതിരോധത്തിലാക്കിയ ക്രിസ് മോറിസാണ് കളിയിലെ കേമന്‍.

സ്‌കോര്‍- സണ്‍റൈസേഴ്സ് 20 ഓവറില്‍ എട്ടിന് 146 & ഡെയര്‍ഡെവിള്‍സ് 18.1 ഓവറില്‍ മൂന്നിന് 150

44 റണ്‍സെടുത്ത ക്വിന്റന്‍ ഡി കോക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ടോപ് സ്‌കോറര്‍. മലയാളി താരം സഞ‌്ജു വി സാംസണ്‍ 34 റണ്‍സോടെ പുറത്താകാതെ നിന്നു. യുവതാരം റിഷഭ് പന്ത് 39 റണ്‍സുമായി പുറത്താകാതെ നിന്നു. യുവരാജ് സിങിന്റെ പന്തില്‍ സിക്‌സറടിച്ച് സ‌ഞ്ജുവാണ് ഡെയര്‍ഡെവിള്‍സിനെ വിജയതീരത്ത് എത്തിച്ചത്. സ‌ഞ്ജുവും റിഷഭ് പന്തും ചേര്‍ന്ന് വേര്‍പിരിയാത്ത നാലാം വിക്കറ്റില്‍ 50 പന്തില്‍ 72 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത സണ്‍റൈസേഴ്‌സിന് പ്രതീക്ഷിച്ച സ്‌കോര്‍ നേടാനായില്ല. 46 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 34 റണ്‍സെടുത്ത ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടുവന്നവര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. യുവരാജ് സിങ് എട്ടു റണ്‍സെടുത്ത് പുറത്തായി. ഡെയര്‍ഡെവിള്‍സിനുവേണ്ടി അമിത് മിശ്ര, കോട്ടര്‍നൈല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. എന്നാല്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 27 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് സ്വന്തമാക്കിയ ക്രിസ് മോറിസാണ് സണ്‍റൈസേഴ്‌സിനെ തടുത്തുനിര്‍ത്തിയത്.