മഴ നിയമപ്രകാരം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുതുക്കി നിശ്ചയിച്ചു. 

ദില്ലി: അവസാന ഓവര്‍ വരെ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാല് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ ടോസിന് ശേഷം തുടങ്ങിയ മഴയെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കി. ഡെല്‍ഹിയുടെ ബാറ്റിങ്ങിനിടെ 17.1 ഓവറില്‍ വീണ്ടും മഴയെത്തി. അപ്പോള്‍ ഡെല്‍ഹിയുടെ സ്‌കോര്‍ ആറിന് 196. പിന്നീട് മഴ നിയമപ്രകാരം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുതുക്കി നിശ്ചയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഓപ്പണര്‍ ജോസ് ബട്‌ലറുടെ (26 പന്തില്‍ 67) ഇന്നിങ്‌സ് രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ സഹ ഓപ്പണര്‍ ഡാര്‍സി ഷോട്ട് സമയമെടുത്തത് രാജസ്ഥാനെ പിറകോട്ട് വലിച്ചു. വൈകാതെ 6.4 ഓവറില്‍ ജോസ് ബട്‌ലറെ നഷ്ടമായി. ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ബട്‌ലര്‍- ഷോര്‍ട്ട് കൂട്ടുകെട്ട് നേടിയത്. നാല് ബൗണ്ടറിയും ഏഴ് സിക്‌സുമാണ് ബട്‌ലര്‍ നേടിയത്. സഞ്ജുവിനെ(3) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ അതേ ഓവറിന്റെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്‌സിനെയും ബോള്‍ട്ട് തന്നെ മടക്കിയയച്ചു.

ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ പത്താം ഓവറില്‍ തുടരെ മൂന്ന് സിക്‌സുകള്‍ അടിച്ച് ഡാര്‍സി ഷോര്‍ട്ട് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ആ ഓവറിന്റെ നാലാം പന്തില്‍ ഡാര്‍സി പുറത്ത്. അവസാന രണ്ടോവറില്‍ 30 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനു ലിയാം പ്ലങ്കറ്റ് എറിഞ്ഞ ഓവറില്‍ 15 റണ്‍സ് നേടി ലക്ഷ്യം അവസാന ഓവറില്‍ 15 ആക്കി മാറ്റി. ഒരു പന്തില്‍ 6 എന്ന നിലയിലേക്ക് ലക്ഷ്യം കൊണ്ടുവന്നുവെങ്കിലും അവസാന പന്തില്‍ അതിര്‍ത്തി കടത്താനാകാതെ പോയപ്പോള്‍ 12 ഓവറില്‍ 146 റണ്‍സില്‍ അവരുടെ ചേസിങ് അവസാനിച്ചു. 

ഡെല്‍ഹിയുടെ യുവനിര പുറത്തെടുത്ത പ്രകടനമാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. കോളിന്‍ മണ്‍റോ (0) ആദ്യ ഓവറില്‍ മടങ്ങിയെങ്കിലും ഋഷഭ് പന്ത് (29 പന്തില്‍ 69) പൃഥ്വി ഷാ (25 പന്തില്‍ 47) ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ (35 പന്തില്‍ 50) എന്നിവരുടെ ബാറ്റിങ്ങ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ (ആറ് പന്തില്‍ 17 ) കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ 190 കടക്കുകയായിരുന്നു.