ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് ഡെംമ്പേല മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ക്ലബില്‍ അവസരം കുറയുന്നതാണ് ഫ്രഞ്ച് യുവതാരത്തെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ട്...
ബാഴ്‌സലോണ: കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്‌സയുടെ നിര്‍ണായക സമനില ഗോള്‍ നേടിയ ഔസ്മാന്‍ ഡെംമ്പേല ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് 21കാരനായ താരം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.
ബൊറൂസിയയില്‍ നിന്ന് 2017ല്‍ 105 മില്യണ്‍ യൂറോയ്ക്ക് ക്ലബിലെത്തിയ താരത്തിന് പകരക്കാരുടെ നിരയിലായിരുന്നു മിക്കപ്പോഴും സ്ഥാനം. ഇതാണ് ഫ്രഞ്ച് താരമായ ഡെംമ്പേലയെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പരിശീലനത്തില്‍നിന്ന് താരം വിട്ടുനിന്നത് ക്ലബിലുള്ള അതൃപ്തി വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്. ഡെംമ്പേലയെ പിഎസ്ജിക്ക് വിട്ടുകൊടുത്ത് നെയ്‌മറെ ക്യാമ്പ് നൗവിലേക്ക് മടക്കിയെത്തിക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
