ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്കെതിരെ അവിശ്വസനീയ ജയം നേടിയ ബാഴ്‌സലോണയ്‌ക്ക് സ്‌പാനിഷ് ലീഗില്‍ അപ്രതീക്ഷിത തോല്‍വി. ലീഗില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ഡിപോര്‍ട്ടീവോ ലാ കൊരൂണയാണ് ബാഴ്‌സയെ ഞെട്ടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഡിപോര്‍ട്ടീവോയുടെ അട്ടിമറി ജയം. നവാരോയും ബെര്‍ഗാന്‍റിനോസുമാണ് ബാഴ്‌സയെ വീഴ്ത്തിയ ഗോളുകള്‍ നേടിയത്.

ലൂയിസ് സുവാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു ബാഴ്‌സയുടെ ഗോള്‍. പിഎസ്ജിയ്ക്കെതിരെ അവിശ്വസനീയ ജയം നേടിയ ടീമില്‍ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ബാഴ്സ ഇറങ്ങിയത്. പരിക്കേറ്റ നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബാഴ്സ പ്രതിരോധത്തിന്റെയും ഗോള്‍ കീപ്പറുടെയും പിഴവിലാണ് ആദ്യ ഗോള്‍ വഴങ്ങിയത്. സുവാരസിന്റെ ഗോളില്‍ സമനില പിടിച്ചെങ്കിലും കോര്‍ണറില്‍ നിന്ന് ബെര്‍ഗാന്റിനോസിന്റെ ഹെഡര്‍ ബാഴ്സയുടെ ഹൃദയം തകര്‍ത്തു വലയില്‍ കയറി. കഴിഞ്ഞ ആറു കളികളില്‍ ആദ്യമായി മെസി സ്കോര്‍ ചെയ്യാതെ മടങ്ങിയത് ബാഴ്സയ്ക്ക് തിരിച്ചടിയായി.

തോറ്റെങ്കിലും ബാഴ്സ തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 27 കളികളില്‍ 60 പോയന്റാണ് ബാഴ്സയ്ക്കുളളത്. രണ്ട് കളി കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് ഇന്ന് മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസുമായി ഏറ്റുമുട്ടും. റയല്‍ ബെറ്റിസിനെ കീഴടക്കിയാല്‍ ഒരു മത്സരം കുറച്ചു കളിച്ചിട്ടുള്ള റയലിന് രണ്ട് പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്തെത്താനാവും.