ധവാന്‍ 3 സിക്സറുകളും 19 ബൗണ്ടറികളും നേടിയിട്ടുണ്ട്

ബംഗളുരു: ടെസ്റ്റ് ക്രിക്കറ്റിലേക്ക് പിച്ചവച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. ചരിത്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ആദ്യ ദിനത്തിന്‍റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 158 റണ്‍സ് നേടിയിട്ടുണ്ട്. റാഷിദ് ഖാനടക്കമുള്ള അഫ്ഗാന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത ധവാന്‍ ഉജ്ജ്വല സെഞ്ചുറി നേടി ക്രീസിലുണ്ട്.

ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചുകളിച്ച ഇന്ത്യ ഓവറില്‍ ആറ് റണ്‍സ് എന്ന നിരക്കിലാണ് ബാറ്റ് ചെയ്യുന്നത്. കേവലം 27 ഓവറിലാണ് 158 റണ്‍സ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അടിച്ചെടുത്തത്. 91 പന്തില്‍ 104 റണ്‍സുമായി നില്‍ക്കുന്ന ധവാനായിരുന്നു അപകടകാരി. അഫ്ഗാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ധവാന്‍ 3 സിക്സറുകളും 19 ബൗണ്ടറികളും നേടിയിട്ടുണ്ട്.

മറുവശത്ത് മുരളി വിജയ് സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശുന്നത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 72 പന്തില്‍ 41 റണ്‍സാണ് മുരളി നേടിയിട്ടുള്ളത്. ഇന്ത്യന്‍ മണ്ണില്ഡ അത്ഭുതം കാട്ടുമെന്ന് പറഞ്ഞെത്തിയ റാഷിദ്ഖാനാണ് കൂടുതല്‍ തല്ലുവാങ്ങിയത്. 7 ഓവറില്‍ 51 റണ്‍സാണ് റാഷിദ് ഇതുവരെ വിട്ടുനില്‍കിയത്.