ഫ്ലോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20യിലെ ഒരു റണ്‍സ് തോല്‍വിക്ക് കാരണം അവസാന പന്തിലെ തന്റെ പിഴവാണെന്ന് തുറന്നുസമ്മതിച്ച് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷെ അത് നടപ്പാക്കിയപ്പോള്‍ പിഴച്ചുപോയി. ചിന്ത ശരിയായിട്ട് കാര്യമില്ല, ഗ്രൗണ്ടില്‍ എങ്ങനെ നടപ്പാക്കുന്നു എന്നതിനെ അനുസരിച്ചല്ലെ കാര്യങ്ങള്‍ വിലയിരുത്തപ്പെടുകയെന്നും ധോണി മത്സരശേഷം പറഞ്ഞു.

ബാറ്റിംഗ് നിരയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. കെ.എല്‍ രാഹുലിന്റേത് അസാമാന്യ പ്രകടനമായിരുന്നു. മികച്ച കൂട്ടുക്കെട്ടുകളുണ്ടാക്കാനും നമുക്കായി. 250 റണ്‍സ് പിന്തുടരുക എന്നത് അത്ര എളുപ്പമല്ലെന്ന് ഓര്‍ക്കണം. അതുകൊണ്ടുതന്നെ വിജയത്തോടെ ഗ്രൗണ്ട് വിടാനായിരുന്നിരുന്നെങ്കില്‍ നന്നായേനെയെന്നും ധോണി പറഞ്ഞു.

അവസാന ഓവറില്‍ ബ്രാവോയുടെ തന്ത്രങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് പറഞ്ഞു. അവസാന പന്തില്‍ സ്ലോ ബോള്‍ എറിയാനാണ് പോവുന്നതെന്ന് ബ്രാവോ പറഞ്ഞിരുന്നു. ഞാനും അതിനെ പിന്തുണച്ചു. അവസാന ഓവറിലെ ആദ്യ പന്തായിരുന്നു നമിര്‍ണായകം. ഈ പന്തില്‍ ബൗണ്ടറി വഴങ്ങാതിരിക്കാനാണ് ഞങ്ങള്‍ പരമാവധി ശ്രമിച്ചത്. അവസാന ഓവറിന് മുമ്പ് ബ്രാവോ പറഞ്ഞത് നമുക്കൊന്നും നഷ്ടമാകാനില്ല അതുകൊണ്ട് ഞാനെന്റെ കഴിവുകള്‍ പരീക്ഷിക്കാന്‍ പോവുകയാണെന്നായിരുന്നുവെന്നും ബ്രാത്ത്‌വെയ്റ്റ് വ്യക്തമാക്കി.