സമകാലീന ക്രിക്കറ്റര്‍മാരിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് മഹേന്ദ്രസിങ് ധോണി. പ്രായം തളര്‍ത്താത്ത ചടുലത തന്നെയാണ് വിക്കറ്റിന് പിന്നിലും ധോണിയെ അപകടകാരിയാക്കുന്നത്. ഇപ്പോഴിതാ, ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തോടെ ധോണി ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുന്നു. ഏകദിനത്തില്‍ ഏറ്റവുമധികം സ്റ്റംപിങ് നടത്തിയ താരമെന്ന റെക്കോര്‍ഡ് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗകാരയ്‌ക്കൊപ്പം പങ്കുവെയ്‌ക്കുകയാണ് ധോണി. ഇരുവരും 99 സ്റ്റംപിങ് ആണ് ഇതുവരെ നടത്തിയിട്ടുള്ളത്. 298-മത്തെ മല്‍സരത്തിലാണ് ധോണി ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ഒരു സ്റ്റംപിങ് കൂടി നടത്തിയാല്‍, ഈ റെക്കോര്‍ഡ് ധോണിയുടെ പേരിലാകും. ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകെയെ പുറത്താക്കിയതോടെയാണ് ഈ നേട്ടം ധോണി കൈവരിച്ചത്. യുസ്‌വേന്ദ്ര ചഹലിനായിരുന്നു ഈ വിക്കറ്റ്. ലങ്കന്‍ താരം രമേഷ് കലുവിതരണ, പാകിസ്ഥാന്റെ മൊയിന്‍ഖാന്‍, ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ പട്ടികയില്‍ ധോണിക്കും സംഗകാരയ്‌ക്കും പിറകിലുള്ളത്.