കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ റണ്‍സ് മഴ പെയ്‌തപ്പോള്‍, ഒരുപിടി റെക്കോര്‍ഡുകളും പിറന്നു. ഇന്ത്യയ്‌ക്കു വേണ്ടി 200 സിക്സ‌ര്‍ നേടുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡില്‍ ധോണി എത്തിയിരുന്നു. ഇതുകൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡ‍ിനൊപ്പവും ധോണി എത്തി. ഇന്ത്യയില്‍ 4000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ധോണി മാറി. സച്ചിനാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. സച്ചിന്റെ പേരില്‍ 6976 റണ്‍സാണ് ഉള്ളത്. 3406 റണ്‍സുള്ള ദ്രാവിഡാണ് ഈ പട്ടികയില്‍ മൂന്നാമതുളളത്. അതേസമയം സ്വദേശത്തേക്കാള്‍ വിദേശത്താണ് ധോണിക്ക് മികച്ച റെക്കോര്‍ഡുള്ളത്. വിദേശത്ത് 175 ഏകദിനങ്ങളില്‍നിന്ന് 5125 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ബാറ്റിംഗ് ശരാശരി 46.17 ആണ്. പുറത്താകാതെ നേടിയ 109 റണ്‍സാണ് വിദേശത്ത് ധോണിയുടെ മികച്ച സ്‌കോര്‍. എന്നാല്‍ മികച്ച റണ്‍സ് ശരാശരി ധോണിക്ക് ഉള്ളത് സ്വദേശത്താണ്. 58 ആണ് ഇന്ത്യയില്‍ ധോണിയുടെ ബാറ്റിംഗ് ശരാശരി. ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 183 റണ്‍സാണ് ധോണിയുടെ ഇന്ത്യയിലെയും കരിയറിലെയും മികച്ച സ്‌കോര്‍.