ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ഡിആര്‍എസ് നിര്‍ദേശിക്കുന്നതില്‍ ധോണി വരുത്തിയ പിഴവ്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായി തകര്‍ച്ച നേരിടുമ്പോഴായിരുന്നു ധോണിയുടെ പിഴവ്. ഭുവനേശ്വറിന്റെ ഔട്ട് സ്വിംഗറില്‍ മോയിസ് ഹെന്‍റിക്കസിനെ ധോണി പിടികൂടിയെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല.
കോലിയടക്കമുള്ളവര്‍ ക്യാച്ചിനായി ആവേശത്തോടെ രംഗത്തെത്തിയെങ്കിലും അത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന നിലപാടിലായിരുന്നു ധോണി. സാധാരണഗതിയില്‍ ഡിആര്‍എസിന് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലി ധോണിയുടെ അഭിപ്രായം തേടാറുണ്ട്. ധോണിയുടെ ഉപദേശം അപൂര്‍വമായെ തെറ്റിയിട്ടുള്ളു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇക്കാര്യത്തില്‍ കോലിയെ സഹായിക്കുന്നത് ധോണിയായിരുന്നു. എന്നാല്‍ ഹെന്‍റിക്കസിന്റെ ക്യാച്ചിനായി കോലിയും ഭുവിയും അപ്പീല്‍ ചെയ്തപ്പോള്‍ ധോണി മാത്രം താല്‍പര്യം പ്രകടിപ്പിച്ചില്ല.

