ഡർബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍ എംഎസ് ധോണിയില്‍. 102 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 10000 ക്ലബിലിടം നേടുന്ന 12-ാം താരവും നാലാം ഇന്ത്യക്കാരനുമാകും ധോണി. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരാണ് പതിനായിരം തികച്ചിട്ടുള്ള ഇന്ത്യക്കാർ.

അടുത്ത മൂന്ന് ഇന്നിംഗ്സുകളില്‍ 10000 തികയ്ക്കാനായാല്‍ വേഗത്തില്‍ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാകും ധോണി. 313 മത്സരങ്ങളിലെ 268 ഇന്നിംഗ്‌സുകളില്‍ നിന്ന് 9898 റണ്‍സാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഇതുവരെ നേടിയിട്ടുള്ളത്. 259 ഇന്നിംഗ്‌സുകളില്‍ 10,000 പിന്നിട്ട സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് വേഗത്തില്‍ പതിനായിരം തികച്ച താരം. 

സൗരവ് ഗാംഗുലി(263), റിക്കി പോണ്ടിംഗ്(266), കാലിസ്(272) എന്നിവരാണ് സച്ചിന് പിന്നില്‍. 36-കാരനായ ധോണി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജുള്ള (51.78) നാലാമത്തെ താരമാണ്. വിരാട് കോലി (55.74), എബി ഡിവില്ലേഴ്‌സ് (54.06), എം.എസ്.ബെവന്‍(53.58) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്.