കാര്യവട്ടത്തെ ആദ്യ മത്സരത്തില്‍ കാണികള്‍ക്ക് ആവേശമായി ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ആറ് റണ്‍സിനാണ് ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്.


ട്വന്റി 20യുടെ എല്ലാ ആവേശങ്ങളും ഉള്ളതായിരുന്നു കാര്യവട്ടത്തെ മത്സരം. ടീം ഇന്ത്യയുടെ മുന്‍ നായകന്റെ ബാറ്റിംഗ് കാണാനായില്ലെങ്കിലും കീപ്പിംഗില്‍‌ ധോണി ചില തകര്‍പ്പന്‍ സേവുകള്‍കൊണ്ട് കയ്യടി നേടി. 

ഏഴാം ഓവറില്‍ ബുമ്റ എറിയാനെത്തുമ്പോള്‍ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തുകളില്‍ നിന്ന് 29 റണ്‍സ്. ഓരോ റണ്‍സിനും വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥ. ആദ്യ പന്തില്‍ നിക്കോള്‍സിനെ ബുമ്റ ശ്രേയ്യര്‍ അയ്യരുടെ കൈകളില്‍ എത്തിച്ചു. രണ്ടാം പന്തില്‍ ഒരു റണ്‍സ്. മൂന്നാം പന്തില്‍ ഫോര്‍. വീണ്ടുമൊരു ഫോര്‍ കൂടി പോയാല്‍ മത്സരം തിരിയുമെന്ന അവസ്ഥയില്‍ ബുമ്റയുടെ അടുത്ത ബോള്‍ വൈഡ്. ബൗണ്ടറി കടക്കേണ്ട പന്ത്. പക്ഷേ തകര്‍പ്പന്‍ സേവുമായി ധോണി. ഒരു വൈഡ് റണ്‍സും ഒരു ബൈ റണ്‍സും മാത്രം. ധോണിയുടെ തകര്‍പ്പന്‍ സേവിംഗ് ഇല്ലാതിരുന്നില്ലെങ്കില്‍ ബുമ്‍റയുടെ വൈഡ് ബോള്‍ ബൗണ്ടറി കടന്നേനെ. അഞ്ചാം പന്തില്‍ ബ്രൂസ് റണ്ണിനായി ഓടി. ബൗളിംഗ് വശത്തേയ്‍‌ക്ക് ധോണിയുടെ ത്രോ. ബുംറയ്‍ക്ക് പന്ത് നഷ്‍ടമായെങ്കിലും ലോംഗ് ഓണില്‍ നിന്ന് കയറി വന്ന പാണ്ഡ്യ ധോണിക്ക് പന്ത് തിരിച്ചെറിഞ്ഞു. ഒട്ടും താമസമില്ലാതെ ധോണിയുടെ സ്റ്റംമ്പിംഗ്. ബ്രൂസ് ഔട്ട്.