ദില്ലി: അണ്ടര്‍ 19 ലോകകപ്പിലെ സെമി ഫൈനല്‍ വിജയത്തിനുശേഷം പാക് ഡ്രസ്സിംഗ് റൂമില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സെമി ജയത്തിനുശേഷം പാക് ഡ്രസ്സിംഗ് റൂമിലെത്തി എന്താണ് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായരുന്നു ദ്രാവിഡ് തിരുത്തിയത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ പാക്കിസ്ഥാന്റെ ഇടം കൈയന്‍ ബൗളറെ അഭിനന്ദിക്കാനായാണ് ഡ്രസ്സിംഗ് റൂമിന് സമീപത്ത് പോയതെന്നും ഡ്രസ്സിംഗ് റൂമിനകത്ത് പ്രവേശിച്ചിട്ടില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള മത്സരത്തിലെ കനത്ത തോല്‍വിക്ക് ശേഷം ദ്രാവിഡ് ഡ്രസ്സിംഗ് റൂമിലെത്തി പാക് താരങ്ങളുടെ മനോവീര്യം ഉയര്‍ത്തിയെന്ന് പാക് ടീം മാനേജര്‍ നദീം ഖാന്‍ പറഞ്ഞിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നില്‍ ഒന്നരവര്‍ഷത്തെ പ്രയത്നമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ലോകകപ്പ് നേട്ടം മാത്രമായിരുന്നില്ല ലക്ഷ്യം. 19 വയസില്‍ താഴെയുള്ളവരുടെ മികച്ചനിര വാര്‍ത്തെടുക്കുക കൂടിയായിരുന്നു. ലോകകപ്പ് ഫൈനലില്‍ അനായാസ ജയം സ്വന്തമാക്കിയെങ്കിലും ഏറ്റവും മികച്ച കളിയായിരുന്നില്ല അത്.
No regrets - says the Wall on being asked whether he still thinks about not winning a World Cup as a player. pic.twitter.com/v1UUjXDWY7
— BCCI (@BCCI) February 5, 2018
ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെയും സെമിയില്‍ പാക്കിസ്ഥാനെതിരെയും പുറത്തെടുത്ത പ്രകടനമായിരുന്നു നമ്മുടെ ഏറ്റവും മികച്ച പ്രകടനം. എങ്കിലും ഫൈനലില്‍ കളിക്കാനായത് കളിക്കാരുടെ ആത്മവിശ്വാസമുര്‍ത്തും. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച അഞ്ചു പേര്‍ക്ക് വേണമെങ്കില്‍ ഇത്തവണയും ലോകകപ്പില്‍ കളിക്കാമായിരുന്നു. എന്നാല്‍ അവരെ അണ്ടര്‍ 23 ക്രിക്കറ്റ് കളിക്കാന്‍ വിട്ട് പുതിയ കളിക്കാരെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
