റോം: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കളിത്തട്ടിൽ. ഫ്രാൻസിസ് മാർപ്പാപ്പ സംഘടിപ്പിച്ച മത്സരത്തിലാണ് മറഡോണ വീണ്ടും ബൂട്ടണിഞ്ഞത്. സമാധാനത്തിനായി ഒന്നിക്കുക എന്ന സന്ദേശവുമായാണ് ഫ്രാൻസിസ് മാർപ്പാപ്പ റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മുൻപ് പോപ്പുമായി കൂടിക്കാഴ്ച നടത്തിയാണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്.

ഡീഗോ മറഡോണയുടെ സാന്നിധ്യം തന്നെയായിരുന്നു പ്രധാന സവിശേഷത. മറഡോണയുടെ ബ്ലൂ ടീം നേരിട്ടത് റൊണാൾഡീഞ്ഞോയുടെ വൈറ്റ്സിനെ. കഫു, ഫ്രാൻസെസ്കോ ടോട്ടി , ബർഡീസോ തുടങ്ങിയവർ മറഡോണയുടെ ടീമിലും ക്രെസ്പോ, വെറോൺ, സംബ്രോട്ട തുടങ്ങിയവർ റൊണാൾഡീഞ്ഞോയുടെ
ടീമിലും അണിനിരന്നു. ജയം മൂന്നിനെതിരെ നാല് ഗോളിന് വൈറ്റ്സിന്. പ്രായം 55 ആയെങ്കിലും മറഡോണയ്ക്ക് ഒരുമാറ്റവുമില്ല.

ദൈവത്തിന്റെ കൈപ്രയോഗം മറന്നിട്ടില്ലെന്ന് ഓർമിപ്പിച്ച ഇതിഹാസ താരം നാട്ടുകാരനായ യുവാൻ സെബാസ്റ്റ്യൻ വെറോണിനോട് ഏറ്റുമുട്ടുകയും ചെയ്തു. പന്തിനുവേണ്ടിയുള്ള നിസാര തർക്കമാണ് മറഡോണയെ ചൊടിപ്പിച്ചത്.മത്സരശേഷവും മറഡോണയുടെ അരിശത്തിന് കുറവുണ്ടായിരുന്നില്ല.