മെസിയെ രൂക്ഷമായി പരിഹസിച്ചും കുറ്റപ്പെടുത്തിയും ഇതിഹാസ താരം മറഡോണ. മത്സരത്തിന് മുന്‍പ് 20 തവണ കക്കൂസില്‍ പോകുന്ന പേടിത്തൊണ്ടനെ നായകനാക്കാനാവില്ല. മെസി മോശം നായകനെന്നും അര്‍ജന്‍റീനന്‍ കുപ്പായത്തില്‍... 

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയെ പരസ്യമായി കളിയാക്കിയും ശാസിച്ചു ഇതിഹാസ താരം ഡീഗോ മറഡോണ. മത്സരത്തിന് മുന്‍പ് 20 തവണ കക്കൂസില്‍ പോകുന്ന പേടിത്തൊണ്ടനാണ് മെസിയെന്ന് മറഡോണ ആ‍‌ഞ്ഞടിച്ചു. നായകനെന്ന നിലയിലുള്ള മെസിയുടെ പ്രകടനത്തെയും മുന്‍താരം വിമര്‍ശിച്ചു. ഫോക്‌സ് സ്‌പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ബാഴ്‌സയ്ക്കായി കളിക്കുമ്പോള്‍ മെസി യഥാര്‍ത്ഥ മെസിയാവുന്നു. എന്നാല്‍ അര്‍ജന്‍റീനക്കായി കളിക്കുമ്പോള്‍ മറ്റൊരു മെസിയെയാണ് കാണുന്നത്. അദേഹമൊരു ലോകോത്തര താരമാണ്, എന്നാല്‍ മികച്ച നായകനല്ല'. മത്സരങ്ങള്‍ക്ക് മുമ്പുള്ള മെസിയുടെ പേടിയെയും മറഡോണ പരിഹസിച്ചു. ' മത്സരത്തിന് മുന്‍പ് 20 തവണ കക്കൂസില്‍ പോകുന്നയാളെ നായകനാക്കാന്‍ കഴിയില്ല. സമ്മര്‍ദ്ധം കുറയ്ക്കാന്‍ മെസിയില്‍ നിന്ന് നായകസ്ഥാനം മാറ്റണം'. അഭിമുഖത്തെ കുറിച്ച് ഇംഗ്ലീഷ് മാധ്യമം ഡെയ്‌ലി എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മെസി 2011 മുതല്‍ അര്‍ജന്‍റീനയെ നയിക്കുകയാണ്. എന്നാല്‍ ഒരു തവണ പോലും അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് നേടിനല്‍കാന്‍ മെസിക്കായില്ല. റഷ്യന്‍ ലോകകപ്പില്‍ നിറംമങ്ങിയ അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ മെസിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ 1986 ലോകകപ്പ് അര്‍ജന്‍റീനയിലെത്തിച്ച താരമാണ് മറഡോണ. ബ്രസീലിനെതിരെ 16-ാം തിയതി മെസിയില്ലാതെ അര്‍ജന്‍റീന കളിക്കുന്നുണ്ട്.