പോകുന്ന പോക്കില്‍ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചത്ത് ബെർബയുടെ കുത്ത്; തിരക്കഥയെഴുതിയത് റെനിച്ചായനോ ?

First Published 5, Mar 2018, 11:07 AM IST
Dimitar Berbatov statement and rene mulensteen
Highlights

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ ഗുരുവായിരുന്ന സർ അലക്സ് ഫെർഗൂസന്റെ സഹപരിശീലകൻ ആയിരുന്ന റെനി മ്യൂലൻസ്റ്റീന്റെ വാക്കുകളാവാം ബെർബയുടെ പോസ്റ്റിലൂടെ പുറത്തുവന്നതെന്നതാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് നടത്തിയ പരാമര്‍ശത്തിന് പിന്ന് മുന്‍ കോച്ച് റെനി മ്യൂലന്‍സ്റ്റീന്‍ ആണെന്ന് വാദം ശക്തമാവുന്നു. സീസണ്‍ പൂര്‍ത്തിയാക്കി ദോഹ വഴി ബൾഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് കോച്ചിനെ പഴിച്ച് ബെർബ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത് ‘‘മോശം കോച്ച്. മോശം ഉപദേശം. പന്ത് സ്ട്രൈക്കർമാരുടെ നെഞ്ചിലേക്ക് ഉയർത്തിവിടുക. എന്തുചെയ്യാനാകുമെന്നു പിന്നീടു നോക്കുക. ഇതായിരുന്നു കോച്ചിന്റെ ഉപദേശം. ഇത്രയും മോശം തന്ത്രം മുൻപു കണ്ടിട്ടില്ല.’’ ‘സീസൺ ഫിനിഷ്ഡ്, ടൈം ടു ഗോ ഹോം’ എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്, വിമാനത്തിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം നല്‍കിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ ഗുരുവായിരുന്ന സർ അലക്സ് ഫെർഗൂസന്റെ സഹപരിശീലകൻ ആയിരുന്ന റെനി മ്യൂലൻസ്റ്റീന്റെ വാക്കുകളാവാം ബെർബയുടെ പോസ്റ്റിലൂടെ പുറത്തുവന്നതെന്നതാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ചെത്തിച്ച മ്യൂസന്‍സ്റ്റീന് ബ്ലാസ്റ്റേഴ്സിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സീസണ്‍ പകുതിയായപ്പോള്‍ മ്യൂലന്‍സ്റ്റീനെ ഒഴിവാക്കി ഡേവിഡ് ജയിംസിനെ പരിശീലകനാക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ മദ്യപാനിയാണെന്ന വിവാദ പരാമര്‍ശം നടത്തിയത് മ്യൂലന്‍സ്റ്റീനായിരുന്നു. ഇതിനെതിരെയ സി കെ വിനീത് അടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തു.

റെനിയുമായുള്ള നല്ല അടുത്ത സൗഹൃദമുള്ള കളിക്കാരനാണ് ബെർബറ്റോവ്. ലോകോത്തര സ്ട്രൈക്കർ എന്ന വിശേഷണത്തോടെ ഇവിടെ എത്തിയ ബെര്‍ബറ്റോവിന് ഗ്രൗണ്ടില്‍ അതിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തന്റെ പരാജയം മറച്ചുവയ്ക്കാന്‍ കൂടിയാവും ബെര്‍ബയുടെ പരാമർശം എന്നാണ് ആരാധകര്‍ കരുതുന്നത്.

 

loader