കൊച്ചി: ഐഎസ്എല്ലില്‍ ഇനി കളി മാറുമെന്ന് റെനിച്ചായന്‍ പറയുന്നത് വെറുതെയല്ല. റെനെ മൂളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്സില്‍ കരുതിയിരിക്കുന്ന കൂടുതല്‍ ആയുധങ്ങള്‍ പുറത്തു വന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ബള്‍ഗേറിയന്‍ ഇതിഹാസവുമായ ദിമിതര്‍ ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്സിലെത്തും. മുന്‍ ലിവര്‍പൂള്‍ മുന്നേറ്റ താരം റിക്കി ലംബര്‍ട്ടും ടീമിലെത്തുമെന്നാണ് സൂചനകള്‍. ഹള്‍സിറ്റി മുന്നേറ്റ താരം വില്‍ കെയ്നുമായും കേരള ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നുണ്ട്.

മികച്ച ബള്‍ഗേറിയന്‍ താരത്തിനുള്ള പുരസ്കാരം ഏഴു തവണ നേടിയ താരമാണ് ദിമിതര്‍ ബെര്‍ബറ്റോവ്. 78 കളികളില്‍ 48 ഗോളുമായി ബള്‍ഗേറിയയുടെ എക്കാലത്തെയും ടോപ് സ്‌കോറര്‍. ബയെര്‍ ലെവര്‍ക്യൂസന്‍, ടോട്ടനം ഹോട്സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട് 36 കാരനായ ബെര്‍ബറ്റോവ്. 2006 മുതല്‍ 2010 വരെ ബള്‍ഗേറിയന്‍ ദേശീയ ടീമിന്‍റെ നായകനായിരുന്നു. 

37കാരനായ റിക്കി ലംബര്‍ട്ട് കാര്‍ജിഫ് സിറ്റിയിലാണ് അവസാനം കളിച്ചത്. ലംബര്‍ട്ട് കരിയറില്‍ 200ലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. 2013ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ താരം 11 മല്‍സരങ്ങളില്‍ നിന്ന് 3 ഗോള്‍ നേടി. വിദേശ താരങ്ങളായ വെസ് ബ്രൗണ്‍, ഇയ്ന്‍ ഹ്യൂം, കറേജ് പെക്കുസണ്‍, നെമാഞ്ച ലാകിക് ചെസ്ചിന്‍ എന്നിവര്‍ നേരത്തെ ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നു. പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റുകളും ട്രാന്‍സ്ഫര്‍ ഏജന്‍റുമാരുമാണ് വാര്‍ത്തകള്‍ പുറത്തു വിടുന്നത്. 

മാഞ്ചസ്റ്ററില്‍ കളിച്ചിട്ടുള്ള വില്‍ കെയ്ന്‍ ലോണിലാണ് ഹള്‍ സിറ്റിയില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരിക. വിഗാന്‍ അത്‌ലറ്റിക്കിലും ക്യൂണ്‍ പാര്‍ക്ക് റൈഞ്ചേഴ്‌സിലും കെയ്ന്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ അണ്ടര്‍ 17,19,21 ടീമുകളില്‍ അംഗമായിരുന്നു 24കാരനായ കെയ്ന്‍. വില്‍ കെയ്ന്‍ ടീമിലെത്തിയാല്‍ ചെറുപ്പക്കാരെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കുമെന്ന കോച്ച് റെനെ മൂളന്‍സ്റ്റീനിന്‍റെ വാക്ക് പാലിക്കപ്പെടും.