കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്കയ്ക്ക് പുതിയ നായകന്‍. ദിനേശ് ചണ്ഡിമലിനെയാണ് ലങ്കയുടെ ടെസ്റ്റ് നായകനായി തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച എയ്ഞ്ചലോ മാത്യൂസിന് പകരമാണ് ചണ്ഡിമലിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തത്. ഉപുല്‍ തരംഗയാണ് ഏകദിന, ട്വിന്റി മത്സരങ്ങളില്‍ ലങ്കയെ നയിക്കുക. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയെത്തുടര്‍ന്നാണ് എയ്ഞ്ചലോ മാത്യൂസ് മൂന്നു ഫോര്‍മാറ്റിലെയും നായകസ്ഥാനം രാജിവെച്ചത്.

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 2-3നാണ് ലങ്ക തോറ്റത്. മോശം ഫോമിനെത്തുടര്‍ന്ന് ചണ്ഡിമലിനെ സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2014ലെ ടി20 ലോകകപ്പിന് മുമ്പ് ചണ്ഡിമലിനെ ട്വന്റി-20 നായകനായി തെരഞ്ഞെടുത്തിരുന്നെങ്കിലും ടീം കോമ്പിനേഷന്‍ ശരിയാകാത്തതിനാല്‍ ലസിത് മലിംഗയാണ് ലങ്കയെ ടൂര്‍ണമെന്റില്‍ നയിച്ചത്.

മലിംഗയുടെ നേതൃത്വത്തില്‍ ഇന്ത്യയെ കീഴടക്കി ലങ്ക കിരീടം നേടിയതോടെ പിന്നീട് കുറച്ചുകാലം മലിംഗ ലങ്കയെ നയിച്ചു. ഏകദിന, ട്വന്റി-20 ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഇതുവരെ തരംഗ. ഇന്ത്യക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വിന്റി-20 പരമ്പരയാണ് ചണ്ഡിമലിനും തരംഗയ്ക്കും മുന്നിലെ ആദ്യ വെല്ലുവിളി.