ദില്ലി: റിയോ ഒളിംപിക്‌സിലെ മിന്നും പ്രകടനത്തിന് സമ്മാനമായി കിട്ടിയ ബി എം ഡബ്ലിയു കാര്‍, ദിപ കര്‍മാകര്‍ തിരികെ നല്‍കുന്നു. ആഡംബര കാറിന്‍റെ ഉപയോഗച്ചെലവ് താങ്ങാവാത്തതിനാലാണ് തിരികെ നല്‍കുന്നതെന്ന് ദിപയുടെ കോച്ച് പറഞ്ഞു.
റിയോ ഒളിംപിക്‌സിലെ അവിസ്മരണീയ പ്രകടനമാണ് ദിപ കര്‍മാകറെ ഇന്ത്യയുടെ ദീപമാക്കിയത്. മെഡല്‍ നേട്ടത്തോളം പോന്ന നാലാം സ്ഥാനവുമായി തിരിച്ചെത്തിയ ദിപയ്‌ക്ക് അംഗീകാരങ്ങളുടെയും സമ്മാനങ്ങളുടെയും പെരുമഴയായിരുന്നു. ഇക്കൂട്ടത്തിലാണ് ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാമുണ്ടേശ്വര്‍ നാഥ് ദിപയ്‌ക്ക് ബി എം ഡബ്ലിയു കാര്‍ നല്‍കിയത്. പി വി സിന്ധു, സാക്ഷി മാലിക്ക് എന്നിവര്‍ക്കൊപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്നാണ് ദിപ കാര്‍ സ്വീകരിച്ചത്.
ഇത്രയും വിലകൂടിയ കാറിന്റെ ഉപയോഗച്ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ കാര്‍ തിരികെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അഗര്‍ത്തലയിലെ ഇടുങ്ങിയ റോഡുകള്‍ ഈ കാറിന് അനുയോജ്യമല്ലാത്തതും കാരണമായി. ദിപയുടെ കുടുംബവുമായി ആലോചിച്ചാണ് ഈയൊരു തീരുമാനത്തില്‍ എത്തിയതെന്നും കാറിന് പകരം പണം നല്‍കുകയാണെങ്കില്‍ ദിപയുടെ പരിശീലനത്തിന് ഇത് പ്രയോജനമാകുമെന്നും കോച്ച് ബിശ്വേശ്വര്‍ നന്ദി പറഞ്ഞു. നവംബറില്‍ ജര്‍മനിയില്‍ നടക്കുന്ന ചലഞ്ചേഴ്‌സ് കപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ദിപ.
