ലണ്ടൻ: വിംബിൾഡണിൽ വൻ മരങ്ങൾ കടപുഴകുന്നത് തുടരുന്നു. ലോക നാലാം നമ്പർ നൊവാക് ജോക്കോവിച്ച് വിംബിൾഡണിൽനിന്നും പുറത്തായി. ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെയാണ് 30 കാരനായ സെർബിയൻ താരം കളംവിട്ടത്. ജോക്കോവിച്ച് പിൻമാറിയതോടെ എതിരാളി ചെക്ക് താരം ടോമാസ് ബെർഡിക് സെമിയിൽ കടന്നു.
ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 (7-2) ജോക്കോവിച്ചിന് നഷ്ടമായിരുന്നു. രണ്ടാം സെറ്റിൽ 2-0 ന് പിന്നിൽനിക്കുമ്പോഴായിരുന്നു പിൻമാറ്റം. തോളിനേറ്റ പരിക്കാണ് ജോക്കോവിച്ചിനെ വീഴ്ത്തിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ജോക്കോവിച്ചിന് ലോക റാങ്കിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താൻ കഴിയുമായിരുന്നു.

നേരത്തെ വമ്പൻ അട്ടിമറിയില്. നിലവിലെ ചാമ്പ്യൻ ആൻഡി മുറെ ക്വാർട്ടറിൽ പുറത്തായി. അമേരിക്കയുടെ 24-മത്തെ സീഡ് സാം ക്വറി ബ്രിട്ടീഷ് താരത്തെ മറികടന്ന് സെമിയിൽ കടന്നു. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് സാം ക്വറി വിജയിച്ചത്. 2009 ൽ ആൻഡി റോഡിക്ക് ഗ്രാൻഡ് സ്ലാം സെമിയിൽ കടന്ന ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ താരം ഈ നേട്ടം കൈവരിക്കുന്നത്. സ്കോർ: 3-6, 6-4, 6-7 (4-7), 6-1, 6-1.
ആദ്യ സെറ്റ് അനായാസം ജയിച്ച മുറെക്ക് രണ്ടാം സെറ്റിൽ അടിപതറി. ഇതോടെ മൂന്നാം സെറ്റിൽ ശക്തമായ പോരാട്ടമാണ് കണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിൽ മുറെ മൂന്നാം സെറ്റ് സ്വന്തമാക്കി. എന്നാൽ 30 കാരനായ മുറെയെ ദീർഘമായ സെറ്റ് ക്ഷീണിപ്പിച്ചു.
നിർണായകമായ നാലും അഞ്ചും സെറ്റുകളിൽ ലോക ഒന്നാം റാങ്കുകാരന്റെ നിഴൽ മാത്രമാണ് പച്ചപ്പുൽ മൈതാനം കണ്ടത്. അവസാന രണ്ടു സെറ്റുകളിൽ അനായാസമായാണ് മുറെ തോൽവി സമ്മതിച്ചത്. തോൽവിയോടെ ലോക ഒന്നാം നമ്പർ പദവി നവോക് ജോക്കോവിച്ചിന് ബ്രിട്ടീഷ് താരം കൈമാറേണ്ടിവന്നേക്കും.
