ധാക്ക: രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പകയോട് പൊലും കൂട്ടിക്കെട്ടി ക്രിക്കറ്റിനെ പറയുന്നവര്‍ക്ക് ചുട്ടമറുപടി. ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഷ്‌റഫെ മുര്‍തസയാണ്. ക്രിക്കറ്റ് താരങ്ങളെ ഹീറോകളായും, ക്രിക്കറ്റ് കളിയെ യുദ്ധമായും കാണുന്നവര്‍ക്ക് മറുപടി നല്‍കുന്നത്.

ഞാനൊരു ക്രിക്കറ്റ് താരമാണ്, എന്നാല്‍ എനിക്ക് ഒരു ജീവന്‍ രക്ഷിക്കാനാകുമോ? ഡോക്ടര്‍മാര്‍ക്ക് അക്കാര്യം കഴിയും. പക്ഷെ ഒരാളും രാജ്യത്തുളള മികച്ച ഡോക്ടര്‍മാര്‍ക്ക് വേണ്ടി കൈയ്യടിക്കുന്നില്ല. അവര്‍ക്ക് ചുറ്റം പ്രശംസകള്‍ പാടിപുകഴ്ത്തുന്നില്ല. അവര്‍ കൂടുതല്‍ ജീവിതങ്ങള്‍ രക്ഷിക്കുന്നു. തൊഴിലാളികളാണ് താരങ്ങള്‍. 

അവരാണ് രാഷ്ട്രം ഉണ്ടാക്കുന്നത്. ക്രിക്കറ്റ് കൊണ്ട് നമ്മള്‍ എന്താണ് നിര്‍മിച്ചത്? ക്രിക്കറ്റ് കൊണ്ട് ഒരു ഇഷ്ടികയെങ്കിലും ഉണ്ടാക്കാന്‍ കഴിയുമോ? ക്രിക്കറ്റ് ഗ്രൗണ്ടില്‍ നെല്ല് വിളയുമോ? ഇഷ്ടികകള്‍ കൊണ്ട് മുറ്റങ്ങളുണ്ടാക്കുന്നവരും ഫാക്ടറികളില്‍ വസ്തുക്കളുണ്ടാക്കുന്നവരും വയലുകളില്‍ വിളകളുണ്ടാക്കുന്നവരും. അവരാണ് താരങ്ങളെന്ന് മുര്‍ത്താസ തുറന്നടിക്കുന്നു.

ക്രിക്കറ്റ് താരങ്ങള്‍ കലാലകാരന്മാരെ പോലെയാണെന്ന് പറയുന്ന മുര്‍തസ തങ്ങള്‍ പണം വാങ്ങി കാലാരൂപം അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും തുറന്നടിക്കുന്നു. ക്രിക്കറ്റിന് ചുറ്റം രൂപപ്പെടുന്ന ദേശീയതയെ പരിഹസിക്കുന്ന ബംഗ്ലാദേശ് നായകന്‍ അവര്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും നിരീക്ഷിക്കുന്നു.

'ഞങ്ങള്‍ എന്താണ് ചെയ്യുന്നത്. മയമില്ലാതെ പറഞ്ഞാല്‍, ഞങ്ങള്‍ പണത്തിനു പകരമായി കളിക്കുന്നു. പാട്ടുകാരനെയും അഭിനേതാവിനെയും പോലെ ഞങ്ങളും കല പ്രകടിപ്പിക്കുകയാണ്. അതിനേക്കാളൊന്നുമില്ല. 1971-ല്‍ വെടിയുണ്ടകള്‍ നേരിട്ട വിമോചന പോരാളികള്‍ വിജയിച്ച സമയത്ത് പണം വാങ്ങിയിട്ടില്ല.

ക്രിക്കറ്റ് ഗ്രൗണ്ടിനു ചുറ്റും രാജ്യസ്നേഹം, രാജ്യസ്നേഹം എന്ന് ഓരിയിട്ട് നടക്കുന്നവരെല്ലാം ഒരു ദിവസം തെരുവില്‍ പഴത്തൊലി ഇടാതിരിക്കുകയും റോഡുകളില്‍ തുപ്പാതിരിക്കുകയും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ രാജ്യം മാറിയേനെ. ക്രിക്കറ്റിനു വേണ്ടി ചെലവാക്കുന്ന ഊര്‍ജം നല്ല കാര്യങ്ങള്‍ക്കു വേണ്ടി ചെലഴിക്കുകയാണെങ്കില്‍ അതാണ് രാജ്യസ്നേഹം. ഈയാളുകളുടെ ദേശസ്നേഹത്തിന്റെ വിശദീകരണം എനിക്ക് മനസ്സിലാകുന്നില്ല.' മുര്‍തസ തുറന്ന് പറഞ്ഞു.