സസ്വോള താരം ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് യുവന്‍റസ് താരം ഡഗ്ലസ് കോസ്റ്റ. കോസ്റ്റയെ വിമര്‍ശിച്ച് യുവന്‍റസ് പരിശീലകനും രംഗത്തെത്തിയിരുന്നു. മാപ്പ് പറഞ്ഞെങ്കിലും താരത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍.
ടൂറിന്‍: ഇറ്റാലിയന്‍ ലീഗില്‍ സസ്വോള താരം ഫെഡെറിക്കോ ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് യുവന്‍റസിന്‍റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ. ഫ്രാന്‍സിസ്കോ ഫൗള്‍ ചെയ്തതിൽ പ്രകോപിതനായ കോസ്റ്റ താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഇതില്‍ റഫറി താരത്തെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയിരുന്നു. സംഭവത്തില്‍ കോസ്റ്റയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
'ചെയ്‌ത തെറ്റിന് യുവന്‍റസ് ആരാധകരോട് മാപ്പ് ചോദിക്കുന്നു. സഹതാരങ്ങളോടും മാപ്പ് പറയുന്നു. മോശം കാര്യമാണ് ചെയ്തത് എന്ന് മനസിലാക്കുന്നു, അതിനാല്‍ ഏവരോടും മാപ്പ് ചോദിക്കുകയാണെന്ന്' കോസ്റ്റ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തുപ്പല്‍ വിവാദത്തില്‍ ഡഗ്ലസ് കോസ്റ്റയെ യുവന്‍റസ് പരിശീലകന്‍ അല്ലെഗ്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് അല്ലെഗ്രി പറഞ്ഞു.
സീസണില്‍ യുവന്‍റസിലേക്ക് ചേക്കേറിയ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗിലെ ആദ്യ ഗോള്‍ നേടിയ മത്സരത്തിലാണ് കോസ്റ്റ് തുപ്പല്‍ കൊണ്ട് കുപ്രസിദ്ധി നേടിയത്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി റോണോ ആരാധകരെ ത്രസിപ്പിച്ചതിന്‍റെ മാറ്റ് കോസ്റ്റ കുറയ്ക്കുകയും ചെയ്തു. മാപ്പ് പറഞ്ഞെങ്കിലും മാച്ച് വിലക്കും പിഴയും അടക്കമുള്ള നടപടികള്‍ താരത്തിനെതിരെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
