ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിക്രം രാത്തോഡിനെയും മുന്‍ വിക്കറ്റ്കീപ്പര്‍ വിജയ് യാദവിനെയും പരിശീലകസംഘത്തിൽ ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. 

മൈസൂരു: ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചിംഗ് സ്റ്റാഫ് വിപുലീകരിക്കണമെന്ന് മുഖ്യപരിശീലകന്‍ രാഹുൽ ദ്രാവിഡ്. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിക്രം രാത്തോഡിനെയും മുന്‍ വിക്കറ്റ്കീപ്പര്‍ വിജയ് യാദവിനെയും പരിശീലകസംഘത്തിൽ ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു. രാത്തോഡിനെ ബാറ്റിംഗ് പരിശീലകനായാണ് ദ്രാവിഡ് നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

തന്‍റെ ജോലിഭാരം ലഘൂകരിക്കാനും കൂടുതൽ പരിശീലകരെ വളര്‍ത്തിയെടുക്കാനും നടപടി സഹായിക്കുമെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ട് ലയൺസ്- ഇന്ത്യ എ രണ്ടാം ടെസ്റ്റിന് മുന്‍പായി രാത്തോഡ് ടീമിനൊപ്പം ചേരണമെന്നും ദ്രാവിഡ് നിര്‍ദേശിച്ചു. അതേസമയം രാത്തോഡിന്‍റെ നിയമനം ഭിന്നതാത്പര്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി പ്രതികരിച്ചു. ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആശിഷ് കപൂറിന്‍റെ ബന്ധുവാണ് രാത്തോഡെന്ന് ചൗധരി ചൂണ്ടിക്കാട്ടി.