ഇംഗ്ലണ്ടിനെതിരേ മോശം പ്രകടനത്തിന് പിന്നാലെ ആര്‍. അശ്വിനെതിരേ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. സതാംപ്ടണ്‍ ടെസ്റ്റില്‍ വിക്കറ്റുകളെടുക്കാന്‍ അശ്വിന്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലി ഒമ്പത് വിക്കറ്റുകള്‍ വീഴത്തിയിരുന്നു.

ബംഗളൂരു: ഇംഗ്ലണ്ടിനെതിരേ മോശം പ്രകടനത്തിന് പിന്നാലെ ആര്‍. അശ്വിനെതിരേ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. സതാംപ്ടണ്‍ ടെസ്റ്റില്‍ വിക്കറ്റുകളെടുക്കാന്‍ അശ്വിന്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലി ഒമ്പത് വിക്കറ്റുകള്‍ വീഴത്തിയിരുന്നു. അശ്വിന് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്. മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം എരപള്ളി പ്രസന്നയാണ് ആദ്യ അഭിപ്രായം പറഞ്ഞത്.

സതാംപ്ടണിലെ പിച്ചില്‍ അശ്വിന് ബാറ്റ്‌സ്മാന്മാരെ ഡ്രൈവിന് പ്രേരിപ്പിക്കേണ്ടിയിരുന്നുവെന്ന് പ്രസന്ന പറഞ്ഞു. മാത്രമല്ല, ഏത് തരത്തിലുള്ള ഫീല്‍ഡിങ്ങാണ് തരപ്പെടുത്തേണ്ടതെന്നും അശ്വിന് പഠിക്കേണ്ടിയിരിക്കുന്നു. അത്രമാത്രം ചെയ്തിരുന്നെങ്കില്‍ അശ്വിന് കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നുവെന്നും പ്രസന്ന പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെ ഫ്രണ്ട് ഫുട്ടില്‍ കളിക്കുവാന്‍ പ്രേരിപ്പിച്ചതിനാലാണ് മൊയീന്‍ അലിയ്ക്ക് കൂടുതല്‍ മികവ് ലഭിച്ചത്. സ്പിന്‍ ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്മാരെ ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കണം. ആ അടിസ്ഥാന തത്വം അശ്വിന്‍ മറന്നുപോയെന്നും പ്രസന്ന കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഇന്നിംഗ്‌സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് അശ്വിനായിരുന്നു. 35ലധികം ഓവര്‍ എറിഞ്ഞ അശ്വിന് ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റ് മാത്രമാണ് ലഭിച്ചത്. മാത്രമല്ല, ട്രന്റ് ബ്രിഡ്ജില്‍ തന്നെ പരിക്കേറ്റ താരം പരിക്കിനെ മറച്ച് വെച്ചാണ് സൗത്താംപ്ടണില്‍ ഇറങ്ങിയതെന്ന ചോദ്യവും ഒരുവശത്ത് നിന്ന് ഉയരുന്നുണ്ട്.