ലണ്ടന്‍: ചെല്‍സിയുടെ എല്ലാമെല്ലാമായ എഡന്‍ ഹസാര്‍ഡിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്ത്. ഹസാര്‍ഡിനൊപ്പം ചെല്‍സി ഗോളി തിബോ കോര്‍ട്ട്‍വയെയും റയല്‍ നോട്ടമിട്ടിട്ടുണ്ട്. റയല്‍ മാഡ്രിഡ് ക്ലബ്ബ് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ചെല്‍സി പ്ലേമേക്കര്‍ എഡന്‍ ഹസാര്‍ഡിനെയും ഗോളി തിബോ കോര്‍ട്ട്‍വയെയും ടീമില്‍ എത്തിക്കുമെന്നാണ് ഫ്ലോറെന്‍റീനോ പെരസിന്റെ വാഗ്ദാനം. ചെല്‍സിയില്‍ ഇരുവരെയും സാന്‍റിയാഗോ ബെര്‍ണ്‍ബ്യൂവില്‍ എത്തിക്കുന്നതിന് 160 ദശലക്ഷം യൂറോയാണ് റയല്‍ മുടക്കുക.
ഹസാര്‍ഡിനും കോര്‍ട്ട്‍വയ്‌ക്കും പകരം റയല്‍ ഹാമിഷ് റോഡ്രിഗസിനെയും അല്‍വാരോ മൊറാട്ടയെയും ചെല്‍സിക്ക് നല്‍കും. ഇരുവര്‍ക്കും 90 ദശലക്ഷം യൂറോയാണ് റയല്‍ വിലയിട്ടിരിക്കുന്നത്. ബാക്കി 70 ദശലക്ഷം യൂറോ ആയിരിക്കും റയല്‍ ഹസാര്‍ഡിനും കോര്‍ട്ട്‍വയ്‌ക്കുമായി ചെല്‍സിക്ക് നല്‍കുക. മെസ്സിയും റൊണാള്‍ഡോയും കഴിഞ്ഞാല്‍ ഏറ്റവും മികച്ച താരമെന്ന് റയല്‍ കോച്ച് സിനദിന്‍ സിദാന്‍ വിശേഷിപ്പിച്ച താരമാണ് ഹസാര്‍ഡ്.
ബല്‍ജിയം താരമായ ഹസാര്‍ഡിന്റെ റോള്‍ മോഡലാണ് സിദാന്‍. ഇതുകൊണ്ടുതന്നെ കരാര്‍ നടപ്പാവുമെന്നാണ് കരുതുന്നത്. ഗോളി കെയ്‍ലോര്‍ നവാസിന്‍റെ പ്രകടനത്തില്‍ സിദാന്‍ തൃപ്തനല്ല. ഇതോടെയാണ് സിദാന്‍റെ അന്വേഷണം കോര്‍ട്ട്‍വയില്‍ എത്തിയത്. നേരത്തേ, ഡേവിഡ് ഗിയയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കരാറിലെത്താന്‍ റയലിന് കഴിഞ്ഞിരുന്നില്ല.
