തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് ദേശീയ ഷൂട്ടിംഗ് താരം എലിസബത്ത് സൂസൻ കോശിക്ക് സംസ്ഥാന സർക്കാർ ജോലി ഉറപ്പായി. അവ്യക്തതകൾ പരിഹരിച്ച് ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. നാളെ തുടങ്ങുന്ന ദേശീയ പൊലീസ് ഷൂട്ടിംഗ് മേളയിൽ എലിസബത്ത് കേരളത്തിനായി മത്സരിക്കും.

ദേശീയ ഗെയിംസിൽ സ്വർണ്ണം വെടിവെച്ച് വീഴ്ത്തിയ എലിസബത്ത് കോശി സർക്കാർ വാഗ്ദാനം ചെയ്ത ജോലിക്കായി കാത്തിരുന്നത് രണ്ട് വർഷം. സർക്കാർ തീരുമാനമെടുത്തെങ്കിലും ഉത്തരവിൽ ക്രമനമ്പർ തെറ്റിയതാണ് തിരിച്ചടിയായത്.ഫയൽ ശരിയാക്കാൻ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങിയ എലിസബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിനായി് ദേശീയ പൊലീസ് ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ല എലിസബത്തിന്‍റെ ആഗ്രഹത്തിനും ഫയലിലെ അവ്യക്തത തിരിച്ചടിയായി.വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ഫയലിലെ അവ്യക്തത മാറിയതോടെ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച താരം വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ചിൽ ഇന്ന് പരിശീലനത്തിറങ്ങി.കേരളത്തിന് വേണ്ടി മെഡൽ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും എലിസബത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.