ടെസ്റ്റ് മാത്രം കളിക്കാന്‍ അവസരം ലഭിക്കുന്നത് കരിയറിനെ പ്രതികൂലമായി ബാധിക്കുന്നു. മൂന്ന് ഫോര്‍മാറ്റുകളിലും അവസരം വേണമെന്ന് ജഡേജ...
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ അശ്വിന് പകരം ടീമിലെത്തിയ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ ആദ്യ ദിനം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ദിനം ഏഴ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ രണ്ട് വിക്കറ്റ് ജഡേജയ്ക്ക് ലഭിച്ചു. എന്നാല്‍ വല്ലപ്പൊഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ മാത്രം അവസരം ലഭിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ജഡുവിന്‍റെ അഭിപ്രായം.
നീണ്ട ഇടവേളയ്ക്കൊടുവില്‍ ടെസ്റ്റ് കളിക്കാന്‍ മാത്രം അവസരം ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കരിയറിനെ ബാധിക്കും. കാരണം, കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അവസരം കുറയുന്നു എന്നതുതന്നെ. എന്നാല്‍ അവസരം കിട്ടുമ്പോളെല്ലാം ബാറ്റിംഗിലും ബൗളിംഗിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരിശ്രമിക്കാറുണ്ട്. ടീമിലെ വിശ്വസ്തനായ താരമാകണമെന്നാണ് ആഗ്രഹം. എനിക്ക് ഓള്‍റൗണ്ടറുടെ ഒഴിവ് നികത്താനാകും. മുമ്പ് ഈ പൊസിഷനില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടുണ്ട്.
മോശം പിച്ചില്‍ കളിക്കുമ്പോള്‍ പഴയ ഫോമും പ്രതിഭയും തിരിച്ചുപിടിക്കണമെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചേ മതിയാകൂ. മികച്ച പ്രകടനം നടത്തി മൂന്ന് ഫോര്‍മാറ്റുകളിലും സ്ഥിരം ടീമിലിടം പിടിക്കാന്‍ ഇത് സഹായിക്കും. മുന്‍പ് ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റുകളിലെയും സ്ഥിരം സാന്നിധ്യമായിരുന്ന ജഡേജ പറഞ്ഞു.
