21 സിക്‌സറുകളാണ് ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു കൂട്ടിയത്.

നോട്ടിംഗ്ഹാം: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ കുറിച്ച് ഇംഗ്ലണ്ട് ടീം. ഓസ്‌ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ട് റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ചത്. അന്‍പത് ഓവറും ബാറ്റ് ചെയ്ത ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് അടിച്ചു കൂടിയത്. 

ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തിലാണ് ഈ ചരിത്ര സ്‌കോര്‍ പിറന്നത്. അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ സെഞ്ച്വറി പ്രകടനവും, ഓയിന്‍ മോര്‍ഗന്റേയും ജാസന്‍ റോയിയുടേയും വെടിക്കെട്ട് ബാറ്റിംഗുമാണ് അഞ്ഞൂറ് റണ്‍സിന് 19 റണ്‍സ് അകലെ ഇംഗ്ലണ്ടിനെ എത്തിച്ചത്. 

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജാസന്‍ റോയിയും (61 പന്തില്‍ 82), ബെയര്‍സ്റ്റോയും (92 പന്തില്‍ 139) ചേര്‍ന്ന് തുടങ്ങിവച്ച ആക്രമണം പിന്നാലെ വന്ന ബാറ്റ്‌സ്മന്‍മാരും ഏറ്റെടുത്തതോടെയാണ് ഇംഗ്ലണ്ട് റെക്കോര്‍ഡ് സ്‌കോറിലെത്തിയത്. അലക്‌സ് ഹെയ്ല്‍സ് (92 പന്തില്‍ 147), മോര്‍ഗന്‍ (30 പന്തില്‍ 67) എന്നിവരും ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ചു. 

ഒരോവര്‍ എറിഞ്ഞ് ഏഴ റണ്‍സ് വഴങ്ങിയ ആരോണ്‍ ഫിഞ്ചാണ് ഓസീസിന് വേണ്ടി പന്തെറിഞ്ഞവരില്‍ ഏറ്റവും കുറവ് അടി വാങ്ങിയത്. ആന്‍ഡ്രൂ ടൈ (ഒന്‍പത് ഓവര്‍, 100 റണ്‍സ്), റിച്ചാര്‍ഡ്‌സന്‍(10 ഓവര്‍,92 റണ്‍സ്), അഷ്ടണ്‍ ആഗര്‍(10 ഓവര്‍, 70 റണ്‍സ്),സ്‌റ്റോയ്നസ്(എട്ട് ഓവര്‍,85) തുടങ്ങി പന്തെടുത്ത എല്ലാ ഓസീസ് ബൗളര്‍ക്കും കണക്കിന് പ്രഹരമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ലഭിച്ചത്. 

21 സിക്‌സറുകളാണ് ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് താരങ്ങള്‍ അടിച്ചു കൂട്ടിയത്. ആദ്യവിക്കറ്റില്‍ 159 റണ്‍സും രണ്ടാം വിക്കറ്റില്‍ 151 റണ്‍സും നാലാം വിക്കറ്റില്‍ 124 റണ്‍സും ഇംഗ്ലീഷ് ബാറ്റ്‌സമാന്‍മാര്‍ നേടി. 2016-ല്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടി 444 റണ്‍സായിരുന്നു ഇതുവരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.