ഗോളില്‍ കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ലങ്കന്‍ സ്‌പിന്നര്‍ രങ്കണാ ഹെറാത്തിന് ഇംഗ്ലണ്ട് താരങ്ങളുടെ ആദരം. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ നേതൃത്വത്തില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിന്‍റെ ദൃശ്യങ്ങള്‍...
ഗോള്‍: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ലങ്കന്‍ താരം രങ്കണാ ഹെറാത്തിന് ഇംഗ്ലണ്ട് താരങ്ങളുടെ ആദരം. ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ നായകന്‍ ജോ റൂട്ടിന്‍റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇംഗ്ലീഷ് താരങ്ങള്‍ ഹെറാത്തിനെ സ്വീകരിച്ചത്.
ആദ്യ ഇന്നിംഗ്സില്‍ ലങ്ക ഒമ്പത് വിക്കറ്റിന് 175 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഹെറാത്ത് ബാറ്റുമായെത്തിയത്. ഹെറാത്ത് 16 പന്തില്‍ 14 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് കുതിക്കുകയാണ്.
ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ സ്‌പിന്നറാണ് രങ്കണ ഹെറാത്ത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കി ഹെറാത്ത് ഗോളില്‍ 100 വിക്കറ്റ് തികച്ചിരുന്നു. ഹെറാത്തിന്‍റെ കരിയറിലെ 93-ാം ടെസ്റ്റാണിത്. 431 വിക്കറ്റുകളാണ് താരത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.
