Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ കുഞ്ഞന്‍ സ്കോറിന് മുന്നില്‍ വിറച്ചു ജയിച്ച് ഇംഗ്ലണ്ട് ലയണ്‍സ്

114 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് വീണതോടെ ഇന്ത്യ വീണ്ടും അവിശ്വസനീയ ജയവുമായി അഞ്ചു മത്സര പരമ്പര തൂത്തുവാരുമെന്ന് കരുതിയെങ്കിലും പൊരുതി നിന്ന ബെന്‍ ഡക്കറ്റിന്റെ(70 നോട്ടൗട്ട്) പോരാട്ടവീര്യം സന്ദര്‍ശകരെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു.

England Lions beat India A to get consolation win
Author
Thiruvananthapuram, First Published Jan 31, 2019, 3:33 PM IST

തിരുവനന്തപുരം: ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ സീനിയര്‍ ‍ടീം പോരാട്ടം പോലും കാഴ്ചവെക്കാതെ കീഴടങ്ങിയ ദിനം ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പൊരുതി തോറ്റു. ഇന്ത്യ ഉയര്‍ത്തി 122 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് ജയവുമായി പരമ്പരയില്‍ ആശ്വാസം കണ്ടെത്തി. 114 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് വീണതോടെ ഇന്ത്യ വീണ്ടും അവിശ്വസനീയ ജയവുമായി അഞ്ചു മത്സര പരമ്പര തൂത്തുവാരുമെന്ന് കരുതിയെങ്കിലും പൊരുതി നിന്ന ബെന്‍ ഡക്കറ്റിന്റെ(70 നോട്ടൗട്ട്) പോരാട്ടവീര്യം സന്ദര്‍ശകരെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. എങ്കിലും ചെറിയ സ്കോറായിട്ടുപോലും അവസാന ഇഞ്ചുവരെ പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യ എ കീഴടങ്ങിയത്. സ്കോര്‍ ഇന്ത്യ എ 35 ഓവറില്‍ 121ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് ലയണ്‍സ് 30.3 ഓവറില്‍ 125/9.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചാഹറും രാഹുല്‍ ചാഹറും ചേര്‍ന്നാണ് ഇംഗ്ലണ്ട് ലയണ്‍സിനെ പ്രതിസന്ധിയിലാക്കിയത്. 43/4 എന്ന സ്കോറില്‍ തകര്‍ന്നശേഷം തിരിച്ചുവന്ന ലയണ്‍സ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 87ല്‍ എത്തിയെങ്കിലും പിന്നീട് വീണ്ടും കൂട്ടത്തകര്‍ച്ച നേരിട്ടു. വിജയത്തിലേക്ക് മൂന്ന് റണ്‍സ് വേണമെന്നിരിക്കെ രാഹുല്‍ ചാഹറിനെ സിക്സറിന് പറത്തി ഡക്കറ്റ് ഇംഗ്ലണ്ടിന് ആശ്വാസ ജയം സമ്മാനിച്ചു. 70 റണ്‍സെടുത്ത ഡക്കറ്റിന് പുറമെ 12 റണ്‍സെടുത്ത സാം ഹെയിന്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്.

നേരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ‍് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 121 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത സിദ്ദേശ് ലാഡ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍(23), ദീപക് ചാഹര്‍(21) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു രണ്ടു പേര്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 17 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ അക്കൗണ്ട് തുറക്കും മുമ്പ് വീണപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ഋഷഭ് പന്ത് ഏഴ് റണ്‍സെടുത്ത് പുറത്തായി.

ഏഴോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജാമി ഓവര്‍ടണ്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ടോം ബെയ്‌ലി രണ്ടും ലൂയിസ് ഗ്രിഗറി, മാത്യു കാര്‍ട്ടര്‍, സ്റ്റീവന്‍ മുല്ലാനി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ഒരുഘട്ടത്തില്‍ 72/7 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ 100 പോലും കടക്കില്ലെന്ന് തോന്നിച്ചെങ്കിലും അക്സര്‍ പട്ടേലും ദീപക് ചാഹറും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്.

Follow Us:
Download App:
  • android
  • ios