ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് കെ എല്‍ രാഹുലും പാതും നിസങ്കയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമീര്‍ റിസ്‌വിയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ട്രിസ്റ്റൻ സ്റ്റബ്സ് 31 പന്തില്‍ 38 റണ്‍സെടുത്തു. 11-ാം ഓവറില്‍ 69-5 എന്ന നിലയില്‍ തകര്‍ന്നശേഷമായിരുന്നു റിസ്‌വിയിലൂടെയും സ്റ്റബ്സിലൂടെയും ഡല്‍ഹിയുടെ തിരിച്ചുവരവ്. ചെന്നൈക്കായി നൂര്‍ അഹമ്മദ് 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് കെ എല്‍ രാഹുലും പാതും നിസങ്കയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. നാലോവറില്‍ ഇരുവരും ചേര്‍ന്ന് 29 റണ്‍സടിച്ചു. നാലാം ഓവറിലെ അവസാന പന്തില്‍ പാതും നിസങ്കയെ(15 പന്തില്‍ 19) പുറത്താക്കി മുകേഷ് ചൗധരിയാണ് ഡല്‍ഹിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. മികച്ച ഫോമിലുള്ള കെ എല്‍ രാഹുലും(13 പന്തില്‍ 12) വീണു. കരുണ്‍ നായരും(13) നിതീഷ് റാണയും(15), ക്യാപ്റ്റൻ അക്സര്‍ പട്ടേലും(6 പന്തില്‍ 2) മടങ്ങുമ്പോൾ ഡല്‍ഹി സ്കോര്‍ ബോര്‍ഡില്‍ 69 റണ്‍സെ ഉണ്ടായിരുന്നുള്ളു. പിന്നീടായിരുന്നു ട്രിസ്റ്റൻ സ്റ്റബ്സും സമീര്‍ റിസ്‌വിയും ചേര്‍ന്ന് 47 പന്തില്‍ 65 റണ്‍സ് കൂട്ടുകെട്ടിലൂടെ ഡല്‍ഹിയെ കരകയറ്റിയത്.
സ്റ്റബ്സ് നല്‍കിയ അനായാസ ക്യാച്ച് തുടക്കത്തിലെ നൂര്‍ അഹമ്മദ് വിട്ടത് ചെന്നൈക്ക് തിരിച്ചടിയായി. സ്റ്റബ്സ് പുറത്തായശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിസ്‌വിയും അശുതോഷ് ശര്‍മയും ചേര്‍ന്നാണ് ഡല്‍ഹിയെ 150 കടത്തിയത്. അവസാന മൂന്നോവറില്‍ 39 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്.ഇതില്‍ അൻഷുല്‍ കാംബോജ് എറിഞ്ഞ രണ്ടോവറില്‍ മാത്രം ഡല്‍ഹി 34 റണ്‍സെടുത്തു.
നേരത്തെ ടോസ് ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. മുംബൈ ഇന്ത്യൻസിനെതിരെ കളിച്ച രാമകൃഷ്ണ ഘോഷ് പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി ഗുജപ്നീത് സിംഗ് ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. പ്രശാന്ത് വീറിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈനും ഇന്ന് ചെന്നൈ ടീമിലുണ്ട്. മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിനില്ലി. ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. കെയ്ൽ ജയ്മിസണ് പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്.
