സംസ്ഥാനത്തെ കായിക മേഖലയെ അരൂപ് ബിശ്വാസ് തകർത്തുവെന്ന് തിവാരി ആരോപിച്ചു. കായികരംഗത്തെ എബിസിഡി പോലും അരൂപ് ദാക്ക് അറിയില്ല.

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് തൊട്ടുപിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി പാർട്ടി വിട്ടു. ബംഗാളിലെ കായിക വകുപ്പ് സഹമന്ത്രിയായിരുന്ന തിവാരി, സ്ഥാനമൊഴിയുന്ന കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് രാജിവെച്ചത്. ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

സംസ്ഥാനത്തെ കായിക മേഖലയെ അരൂപ് ബിശ്വാസ് തകർത്തുവെന്ന് തിവാരി ആരോപിച്ചു. കായികരംഗത്തെ എബിസിഡി പോലും അരൂപ് ദാക്ക് അറിയില്ല. പല ഔദ്യോഗിക പരിപാടികളിലും ഒരു സ്പോർട്സ് മിനിസ്റ്റർ എന്ന നിലയിൽ എന്നെ വേദിയിൽ കയറ്റാതെ അവഗണിച്ചു. കായിക നയം കൊണ്ടുവരാൻ ഞാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല-തിവാരി പറഞ്ഞു. ബിജെപിയുടെ പാപിയ അധികാരിയോട് 6,000 വോട്ടുകൾക്കാണ് ഇത്തവണ അരൂപ് ബിശ്വാസ് പരാജയപ്പെട്ടത്.

ലിയോണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനം വൻ പരാജയമായതിനെക്കുറിച്ചും തിവാരി ആഞ്ഞടിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മെസ്സിക്കൊപ്പം തിക്കും തിരക്കും കൂട്ടിയപ്പോൾ സാധാരണ ആരാധകർക്ക് അദ്ദേഹത്തെ കാണാൻ പോലും സാധിച്ചില്ല. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ പ്രതിഷേധം സർക്കാരിന് നാണക്കേടായിരുന്നു. ആ പരിപാടി ഒരു "റോയൽ മെസ്സ്" ആകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് താൻ അതിൽ നിന്ന് വിട്ടുനിന്നതെന്നും തിവാരി വെളിപ്പെടുത്തി.

തൃണമൂൽ വിട്ടെങ്കിലും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും ചേരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മനോജ് തിവാരി വ്യക്തമാക്കി. ഇനി രാഷ്ട്രീയത്തിനില്ല. ക്രിക്കറ്റ് കോച്ചിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും തിവാരി പറഞ്ഞു. ബംഗാൾ ചരിത്രത്തിൽ ആദ്യമായി ബിജെപി ഭരണത്തിലേറുന്ന സാഹചര്യത്തിൽ, പ്രമുഖ നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് തൃണമൂൽ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക