വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സില്‍ 455 റണ്‍സെടുത്ത ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 103 റണ്‍സിന് ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി വരാനിരിക്കുന്നതിന്റെ സൂചന നല്‍കിക്കഴിഞ്ഞു. 53 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ പിടിച്ചുനിന്നത്. ഇന്ത്യക്കായി അശ്വിന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷാമിയും ജയന്ത് യാദവും ഓരോ വിക്കറ്റെടുത്തു.

317/4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ചെങ്കിലും 167 റണ്‍സില്‍ കൊഹ്‌ലി വീണു. മോയിന്‍ അലിക്കായിരുന്നു വിക്കറ്റ്. കൊഹ്‌ലിക്ക് പിന്നാലെ സാഹയെയും(3) ജഡേജയെയും(0) ഒരോവറില്‍ അലി മടക്കിയതോടെ 7ന് 363 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായി. അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവില്‍ മികച്ച കൂട്ടാളിയെ കണ്ടെത്തിയ അശ്വിനാണ് പിന്നീട് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത് . എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ച് ഇന്ത്യയെ 400 കടത്തി. അശ്വിനെ(55) സ്റ്റോക്സ് മടക്കിയതോടെ പിന്നീട് ഇന്ത്യന്‍ ഇന്നിംഗ്സ് അധികം നീണ്ടില്ല. 35 റണ്‍സെടുത്ത ജയന്ത് യാദവും 13 റണ്‍സെടുത്ത ഉമേഷ് യാദവും ചേര്‍ന്ന് ഇന്ത്യയെ 450 കടത്തി.

ഇന്ത്യ ഉയര്‍ത്തിയ വലിയ സ്കോറിന്റെ സമ്മര്‍ദ്ദത്തില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ മുഹമ്മദ് ഷാമി ക്ലീന്‍ ബൗള്‍ഡാക്കി. റൂട്ടും ഹമീദും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടെ 13 റണ്‍സെടുത്ത ഹമീദിനെ ജയന്ത് യാദവ് റണ്ണൗട്ടാക്കി. തൊട്ടുപിന്നാലെ ഡക്കറ്റിനെയും(5), റൂട്ടിനെയും(53) മടക്കി അശ്വിന്‍ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവിന്റേതായിരുന്നു അടുത്ത ഊഴം. മോയിന്‍ അലി(1)യുടെ വിക്കറ്റെടുത്ത ജയന്ത് യാദവ് ആദ്യ രാജ്യാന്തര വിക്കറ്റ് ആഘോഷം ഗംഭീരമാക്കിയെങ്കിലും ഈ വിക്കറ്റ് ശരിക്കും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് അവകാശപ്പെട്ടതായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ അലിയെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂവിന് പോവാനുള്ള കൊഹ്‌ലിയുടെ തീരുമാനമാണ് ജയന്തിനും ഇന്ത്യക്കും വിക്കറ്റ് സമ്മാനിച്ചത്.

മൂന്നാം ദിനം സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാനാകും ഇന്ത്യ ശ്രമിക്കുക. അഞ്ച് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 152 റണ്‍സ് വേണം. 12 റണ്‍സ് വീതമെടുത്ത് ക്രീസില്‍ നില്‍ക്കുന്ന ബെന്‍ സ്റ്റോക്സിലും ജോണി ബെയര്‍സ്റ്റോയിലുമാണ് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷ.