ചെന്നൈ: ഇന്ത്യയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ 282 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 126 എന്ന നിലയിലാണ്. ഒരവസരത്തില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 102 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ തെറിപ്പിച്ച രവീന്ദ്ര ജഡേജയാണ് മല്‍സരം ആവേശകരമാക്കിയത്. ഇപ്പോള്‍ 156 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. കീറ്റണ്‍ ജെന്നിങ്സ് 54 റണ്‍സും അലിസ്റ്റര്‍ കുക്ക് 49 റണ്‍സും ജോ റൂട്ട് ആറു റണ്‍സുമെടുത്ത് പുറത്തായി. മൂന്നു പേരെയും പുറത്താക്കിയ ജഡേജയാണ് മല്‍സരത്തില്‍ ആവേശം തിരിച്ചുകൊണ്ടുവന്നത്. ഏഴ് റണ്‍സോടെ മൊയിന്‍ അലിയും റണ്‍സൊന്നുമെടുക്കാതെ ബെയര്‍സ്റ്റോയുമാണ് ക്രീസിലുള്ളത്. വിക്കറ്റ് നഷ്‌ടം കൂടാതെ 12 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് കുക്കും ജെന്നിംഗ്സും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായരുടെ മികവാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രധാന സവിശേഷത. 381 പന്തില്‍ 32 ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറിയിലെത്തിയത്. വീരേന്ദര്‍ സെവാഗ് കഴിഞ്ഞാല്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍. കൂടാതെ ആദ്യ സെഞ്ച്വറി നേട്ടം തന്നെ ട്രിപ്പിളാക്കിയ ആദ്യ ഇന്ത്യന്‍ താരവുമാണ് കരുണ്‍ നായര്‍.
ഇന്ന് 47 ഓവര്‍ കൂടിയാണ് മല്‍സരം ശേഷിക്കുന്നത്. ബാറ്റിംഗിന് പരിപൂര്‍ണമായി പിന്തുണയ്‌ക്കുന്ന പിച്ചില്‍ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്‍സരം സമനിലയില്‍ അവസാനിക്കും. മൂന്നു കളികള്‍ ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര നേടിക്കഴിഞ്ഞു.
