കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 322 റണ്‍സ്. ആരും സെഞ്ചുറി നേടിയില്ലെങ്കിലും മുന്‍നിര ബാറ്റ്സ്‌മാന്‍മാരുടെ മിന്നുന്ന പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും അര്‍ധസെഞ്ചുറി നേടിയ ജേസണ്‍ റോയ്(56 പന്തില്‍ 65) ഇംഗ്ലണ്ടിന്റെ ടോപ് സ്കോററര്‍.
ജേസണ്‍ റോയിക്ക് പുറമെ ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്(39 പന്തില്‍ 57 നോട്ടൗട്ട്) എന്നിവരും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി. ഓപ്പണിംഗ് വിക്കറ്റില്‍ അലക്സ് ഹെയില്‍സിന് പകരമിറങ്ങിയ സാം ബില്ലിംഗ്സ്(35) റോയിക്കൊപ്പം മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സെടുത്തു. ബില്ലിംഗ്സിനെ പുറത്താക്കി ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈാതെ റോയിയും മടങ്ങിയെങ്കിലും ബെയര്‍സ്റ്റോയും മോര്‍ഗനും(43) ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ സ്റ്റോക്സും വോക്സും(19 പന്തില്‍ 34) നടത്തിയ മിന്നലാക്രമണമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്.
ഇന്ത്യക്കായി ഹര്‍ദ്ദീക് പാണ്ഡ്യ 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജഡേജ രണ്ടു വിക്കറ്റെടുത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ ശീഖര്‍ ധവാന് പകരം അജിങ്ക്യാ രഹാനെയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
