ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമാവും. അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഒരടിമുന്നോട്ടുവെച്ചു കഴിഞ്ഞു. മത്സരത്തിന് തൊട്ടുമുമ്പാവും ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പൊതുവെ പേസിനെ തുണക്കുന്നതാണ് എഡ്ജ്ബാസ്റ്റണിന്റെ ചരിത്രമെങ്കിലും ഇംഗ്ലണ്ടിലെ ചൂടുള്ള കലാവസ്ഥ
ബര്‍മിംഗ്ഹാം: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമാവും. അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഒരടിമുന്നോട്ടുവെച്ചു കഴിഞ്ഞു. മത്സരത്തിന് തൊട്ടുമുമ്പാവും ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പൊതുവെ പേസിനെ തുണക്കുന്നതാണ് എഡ്ജ്ബാസ്റ്റണിന്റെ ചരിത്രമെങ്കിലും ഇംഗ്ലണ്ടിലെ ചൂടുള്ള കലാവസ്ഥ സ്പിന്നര്‍മാര്‍ക്കും ഇത്തവണ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്പിന്നറായി ആരെ ഉള്‍പ്പെടുത്തണമെന്നതും ഓപ്പണിംഗ് ആരൊക്കെ എന്നതുമാണ് ഇന്ത്യയെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം.
ഓപ്പണിംഗ്: ഓപ്പണിംഗില്‍ ശീഖര്‍ ധവാന് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്മെന്റ് തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. സന്നാഹമത്സരത്തിലെ പ്രകടനം കണക്കിലെടുത്താണെങ്കില്‍ മുരളി വിജയ്‌യും കെ എല്‍ രാഹുലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മോശം ഫോമിലുള്ള പൂജാരയെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ ധവാനും വിജയ്‌യും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും രാഹുല്‍ വണ്‍ഡൗണായി ഇറങ്ങുകയും ചെയ്യും.
മധ്യനിര: മധ്യനിരയില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് ടീം മാനേജ്മെന്റ് മുതിരില്ലെന്നാണ് കരുതുന്നത്. പന്ത് സ്വിംഗ് ചെയ്യുന്ന എഡ്ജ്ബാസ്റ്റണില്‍ പൂജാരയെപ്പോലെ സാങ്കേതിക തികവുള്ളൊരു ബാറ്റ്സ്മാനെ പുറത്തിരുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നതിനാല്‍ പൂജാര വണ്‍ഡൗണായി ഇറങ്ങാനാണ് സാധ്യതകൂടുതല്‍. നാലാം നമ്പറില്‍ കോലിയും അഞ്ചാമനായി വൈസ് ക്യാപ്റ്റന്‍ രഹാനെയും ഇറങ്ങും. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാവും ആറാം നമ്പറില്‍. ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കാര്‍ത്തിക്കിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ടീമില്‍ റിഷഭ് പന്ത് കാത്തിരിക്കുന്നുവെന്നത് കാര്‍ത്തിക്കിന് സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും.
ഓള്‍റൗണ്ടര്‍മാര്‍: ബാറ്റിംഗ് കരുത്ത് കൂട്ടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ആര്‍ അശ്വിന്‍ ഏഴാം നമ്പറിലും എട്ടാമനായി ഹര്‍ദ്ദീക് പാണ്ഡ്യയും ഇറങ്ങും. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യം കണക്കിലെടുത്താല്‍ അശ്വിനെ ഒഴിവാക്കി കുല്‍ദീപ് യാദവിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
ബൗളിംഗ് നിര: പേസര്‍മാരായി പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും തന്നെയാകും ഇറങ്ങുക എന്നത് ഏതാണ്ട് ഉറപ്പാണ്. ഒരു സ്പിന്നറെ കളിപ്പിക്കുകയാണെങ്കില്‍ അത് അശ്വിന്‍ വേണോ കുല്‍ദീപ് യാദവ് വേണോ എന്നതാണ് പ്രധാന ചോദ്യം. രവീന്ദ്ര ജഡേജയ്ക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ സാധ്യത വിരളമാണ്
