ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ബുധനാഴ്ച തുടക്കമാവുമ്പോള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നത് ഈ വേദിയുടെ ചരിത്രമാണ്.എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍

ബര്‍മിംഗ്ഹാം: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ബുധനാഴ്ച തുടക്കമാവുമ്പോള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നത് ഈ വേദിയുടെ ചരിത്രമാണ്.എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും വിജയം നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഇതില്‍ അഞ്ചെണ്ണത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. 83.33 ആണ് എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ പരാജയനിരക്ക്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വേദിയിലെ ഇന്ത്യയുടെ ഏറ്റവും മോശം റെക്കോര്‍ഡാണിത്. അഞ്ചോ അതില്‍കൂടുതലോ ടെസ്റ്റ് കളിച്ചിട്ടുള്ള വേദികളില്‍ ഓസ്ട്രേലിയയിലെ ഗാബയില്‍ മാത്രമാണ് ഇന്ത്യക്ക് ഇതിന് സമാനമായ റെക്കോര്‍ഡുള്ളത്. രണ്ട് വേദികളിലും കളിച്ച ആറില്‍ അഞ്ചു ടെസ്റ്റും ഇന്ത്യ തോറ്റു. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസ്(9 ടെസ്റ്റ്), ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍(9), പാക്കിസ്ഥാനിലെ ലാഹോര്‍(7) എന്നിവിടങ്ങളിലും ഇന്ത്യക്ക് വിജയങ്ങളില്ലെങ്കിലും പരാജയനിരക്ക് ഇത്രത്തോളം വലുതല്ല.

ബര്‍മിംഗ്ഹാമിലെ തോല്‍വികള്‍ മാത്രമല്ല അവിടെ തോറ്റ രീതിയും ഇന്ത്യയെ അലട്ടുന്നതാണ്. 1974ലും 1979ലും ഇതേവേദിയില്‍ ഇന്ത്യ ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ 2011ല്‍ 242 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 1986ലെ പരമ്പരയില്‍ മാത്രമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ സമനിലയുമായി രക്ഷപ്പെട്ടത്. വെറുതെയല്ല വിരാട് കോലിയുടെ ടീമിനെ വരവേല്‍ക്കാന്‍ ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ തന്നെ തെരഞ്ഞെടുത്തത്.