ഇംഗ്ലണ്ടിനെതിരായ തുടര്‍ തോല്‍വികളില്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെ തുറന്നടിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. തോല്‍വികളെക്കുറിച്ച് പരിശീലകന്‍ വായ തുറക്കണം. കോച്ച് എല്ലാത്തിനും ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം തുറന്നുപറഞ്ഞേ മതിയാവു.

ദില്ലി: ഇംഗ്ലണ്ടിനെതിരായ തുടര്‍ തോല്‍വികളില്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെ തുറന്നടിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. തോല്‍വികളെക്കുറിച്ച് പരിശീലകന്‍ വായ തുറക്കണം. കോച്ച് എല്ലാത്തിനും ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം തുറന്നുപറഞ്ഞേ മതിയാവു. ഈ പരമ്പര ഇന്ത്യ തോല്‍ക്കുയാണെങ്കില്‍ നേരത്തെ പറഞ്ഞതൊക്കെയും അദ്ദേഹം വിഴുങ്ങേണ്ടിവരും. മത്സര സാഹചര്യങ്ങള്‍ കളിയെ ബാധിക്കുമെന്ന് അദ്ദേഹം ഇനിയെങ്കിലും അംഗീകരിക്കണമെന്നും ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റിലും പൊരുതാനുള്ള മനസുപോലും ഇന്ത്യന്‍ ടീം കാണിച്ചില്ല. വിജയതൃഷ്ണ ഈ ടീമില്‍ കാണാനില്ല. അതാണ് എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തുന്നത്. എതിരാളികള്‍ക്ക് വെല്ലുവിളിപോലും ഉയര്‍ത്താതെയാണ് നമ്മള്‍ കീഴടങ്ങുന്നത്. അതിലെനിക്ക് കടുത്ത നിരാശയുണ്ട്-ഹര്‍ഭജന്‍ പറഞ്ഞു.

ടീമില്‍ തുടര്‍ച്ചയായി മാറ്റം വരുത്തുന്നത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. വിദേശ പരമ്പരകളില്‍ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് അനിവാര്യമാണ്. എന്നാല്‍ നമ്മള്‍ ഓരോ മത്സരത്തിലും ഓപ്പണര്‍മാരെ മാറ്റി മാറ്റി കളിക്കുകയാണ്. പ്ലേയിംഗ് ഇലവനും ഓരോ മത്സരത്തിലും മാറുന്നു. മധ്യനിരയാകട്ടെ ഇതുവരെ സെറ്റായിട്ടുപോലുമില്ല. ലോര്‍ഡ്സില്‍ പുല്ല് നിറഞ്ഞ വിക്കറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമായിട്ടും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഉമേഷ് യാദവിനെ കളിപ്പിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 160-170 റണ്‍സിലെങ്കിലും ഒതുക്കാമായിരുന്നു. ഹര്‍ദ്ദീക് പാണ്ഡ്യയെ ഓള്‍ റൗണ്ടര്‍ എന്നു വിളിക്കുന്നത് അവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് മത്സര സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ ടീം ഒരു ടീമിനെയും ഭയക്കുന്നില്ല. വിദേശപരമ്പരളില്‍ ഏറ്റവുംകൂടുതല്‍ മികവ് കാട്ടുന്നവരുടെ സംഘമാവാന്‍ ഈ ടീമിനാവും. എല്ലാ ഗ്രൗണ്ടും ‍ഞങ്ങള്‍ക്ക് ഹോം ഗ്രൗണ്ടാണ്. കാരണം എതിരാളികളെക്കുറിച്ച് ഓര്‍ത്തല്ല ഞങ്ങള്‍ കളിക്കുന്നത്. പിച്ചിലാണ്. എവിടെപ്പോയാലും പിച്ച് കീഴടക്കുക. 20 വിക്കറ്റും വീഴ്ത്താനുള്ള ബൗളിംഗ് നിര നമുക്കുണ്ട്.

അതുകൊണ്ട് ഏത് സാഹചര്യത്തില്‍ കളിക്കുന്നു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷയമേ അല്ല. പ്ലാനിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കുക എന്നതാണ് പ്രധാനം. ഒപ്പം നന്നായി ബാറ്റ് ചെയ്യുകയെന്നതും. ദക്ഷിണാഫ്രിക്കയില്‍ നമ്മലെ തോല്‍പ്പിച്ചത് ബാറ്റിംഗാണ്. എതിരാളികളെ ഭയക്കാതെ കളിക്കാനാണ് ഇന്ത്യ ശ്രമിക്കുകയെന്നും ശാസ്ത്രി പറഞ്ഞിരുന്നു.